ചെന്നൈ: തന്റെ മകൻ കാർത്തി ചിദംബരത്തിന് അനധികൃത സ്വത്തുണ്ടെന്നു കേന്ദ്ര സർക്കാർ തെളിയിച്ചാൽ അതു മുഴുവൻ വെറും ഒരു രൂപയ്ക്കു സർക്കാരിനുതന്നെ നൽകാമെന്നു മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം പറഞ്ഞു. വെളിപ്പെടുത്താത്ത ഒരു സ്വത്തും കാർത്തിക്കില്ല. അനധികൃത സ്വത്തുണ്ടെന്നാണു കേന്ദ്ര സർക്കാർ കരുതുന്നതെങ്കിൽ അതിന്റെ പട്ടിക തയാറാക്കണം.

തന്റെ മകനായതിനാലാണു കാർത്തിയെ ലക്ഷ്യമാക്കി ആരോപണങ്ങളുന്നയിക്കുന്നത്. യഥാർഥത്തിൽ ലക്ഷ്യമിടുന്നതു തന്നെയാണ്. പാരമ്പര്യ സ്വത്തുകൾ കൈകാര്യം ചെയ്യുന്ന കാർത്തി ഇതിനൊപ്പം നിയമാനുസൃതം ചില ബിസിനസുകളും നടത്തുന്നുണ്ട്. വർഷങ്ങളായി ആദായനികുതി കണക്കുകൾ സമർപ്പിക്കുന്നയാളാണ്. വെളിപ്പെടുത്താത്ത ഒരു സ്വത്തും കാർത്തിക്കില്ലെന്നും ചിദംബരം പറഞ്ഞു.