ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ സിപിഎം നേതാവ് ഷാനവാസിന് പങ്കിലെന്ന് പോലീസ്. അതേസമയം കേസിൽ രണ്ട് പേരേക്കൂടി പോലീസ് പ്രതി ചേർത്തു. ഷാനവാസിന്റെ കയ്യിൽ നിന്നും ലോറി വാടകയ്‌ക്ക് എടുത്ത ഇടുക്കി സ്വദേശി ജയനേയും മറ്റൊരു ലോറി ഉടമയായ അൻസറിനേയുമാണ് കേസിൽ പ്രതി ചേർത്തത്. കേസിൽ ഷാനവാസിനെ പോലീസ് രക്ഷിച്ചെന്നും കേസ് അട്ടിമറിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിലും ബഹളമുണ്ടാക്കി
പാൻമസാല കടത്തു സംഘത്തിലെ പ്രധാനികൾ തൗസീഫും ജയനുമാണെന്ന് അന്വേഷണ സംഘം പറയുന്നു. കർണാടകയിൽ നിന്ന് പാൻമസാല എത്തിച്ചത് ജയനാണ്. തന്റെ ലോറി വാടകയ്‌ക്ക് നൽകിയിരിക്കുകയാണെന്ന് അൻസർ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നെങ്കിലും രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് ഇയാളെ പ്രതി ചേർത്തത്. എന്നാൽ ഇരുവരെയും കണ്ടെത്താൻ പോലീസിന് ആയിട്ടില്ല.
98 ചാക്കുകളിലായി കടത്താൻ ശ്രമിച്ച ഒന്നേകാൽ ലക്ഷം പാൻമസാല പാക്കറ്റുകൾ ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കരുനാഗപ്പള്ളിയിൽ വച്ച് പോലീസ് പിടികൂടിയത്. അന്വേഷണത്തിൽ സിപിഎം നേതാവ് ഷാനവാസിന്റെ ലോറികളാണ് ലഹരി കടത്താൻ ഉപയോഗിച്ചതെന്നും കണ്ടെത്തിയിരുന്നു. എന്നാൽ മന്ത്രി സജി ചെറിയാനുമായി വളരെ അടുത്ത ബന്ധമുള്ള നേതാവിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ആദ്യം ധൈര്യം കാട്ടിയിരുന്നില്ല.