കരുവന്നൂർ ബാങ്ക് തട്ടിപ്പ്: തിരഞ്ഞെടുപ്പിനെ ഭയന്ന് തട്ടിപ്പിന്റെ റിപ്പോർട്ട് സർക്കാർ പൂഴ്‌ത്തി; മുഖം രക്ഷിക്കാൻ സി.പി.എം. ഏരിയാ-ലോക്കൽ കമ്മിറ്റികൾ പിരിച്ചുവിട്ടേക്കും

കരുവന്നൂർ സഹകരണബാങ്കിലെ 100 കോടിയിൽ ഏറെയുള്ള തട്ടിപ്പിന്റെ റിപ്പോർട്ട് സർക്കാർ പൂഴ്‌ത്തിയത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാൽ. തദ്ദേശതിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ നടക്കുന്ന ഘട്ടത്തിലാണ് പാർട്ടി അന്വേഷണക്കമ്മിഷന്റെയും സഹകരണവകുപ്പിന്റെയും റിപ്പോർട്ടുകൾ സർക്കാരിന്റെ മുന്നിലെത്തിയത്. അതിൽ സഹകരണ ജോയന്റ് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശയും ചെയ്തിരുന്നു. ബാങ്കിലെ ക്രമക്കേടിനെപ്പറ്റി കിട്ടിയ പരാതി അന്വേഷിക്കാനായി നിയോഗിച്ച രണ്ടംഗസമിതിയുടെ റിപ്പോർട്ടിലും ബാങ്കിൽ വൻ അഴിമതി നടക്കുന്നതായി പറഞ്ഞിരുന്നു.

നാലരപ്പതിറ്റാണ്ടായി സി.പി.എം. ഭരണസമിതി ഭരിക്കുന്ന ബാങ്കിലാണ് 100 കോടിയിലേറെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും നടന്നതെന്നതിനാൽ അത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് പാർട്ടി സംസ്ഥാനതലത്തിൽ വിലയിരുത്തിയിരുന്നു. കർശനനടപടി വേണമെന്ന നിലപാടിലായിരുന്നു പാർട്ടിയെങ്കിലും ആസന്നമായ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി ഭയന്ന് റിപ്പോർട്ട് പൂഴ്ത്തുകയായിരുന്നു.

Loading...

റിപ്പോർട്ടിൽ നടപടിയുണ്ടായാൽ കരുവന്നൂർ ബാങ്കിലെ വലിയൊരു വിഭാഗത്തിന്റെ വോട്ടുബാങ്കിനെ ബാധിക്കുമെന്ന വിലയിരുത്തലുണ്ടായി. ബാങ്കിലെ തട്ടിപ്പിനെതിരേ നടപടിയുണ്ടായാൽ അതിനോടൊപ്പം ലോക്കൽ, ഏരിയാ കമ്മിറ്റികൾക്ക് നേരെയും നടപടിയെടുക്കേണ്ടിവരുമെന്നും ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അഭിപ്രായമുണ്ടായി. തിരഞ്ഞെടുപ്പിനുവേണ്ടി വലിയ സംഭാവനയും പ്രചാരണത്തിന് വാഹനങ്ങളും നൽകിയിരുന്ന ബാങ്കാണ് കരുവന്നൂർ സഹകരണബാങ്ക്.

അതേസമയം സി.പി.എം. ഭരിക്കുന്ന കരുവന്നൂർ സഹകരണബാങ്കിലെ അഴിമതിയിൽനിന്ന് മുഖം രക്ഷിക്കാൻ സി.പി.എം. ഏരിയാ-ലോക്കൽ കമ്മിറ്റികൾ പിരിച്ചുവിട്ടേക്കും. ബാങ്ക് തട്ടിപ്പുകേസിൽ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ പാർട്ടി ഏരിയാ-ലോക്കൽ കമ്മിറ്റികൾക്കെതിരേ കർശനനടപടിക്കൊരുങ്ങുകയാണ് ജില്ലാ കമ്മിറ്റി. പൊറത്തിശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റിയും ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയും പിരിച്ചുവിടുമെന്നാണ് സൂചന. ഒന്നാംപ്രതിയും ബാങ്ക് മുൻ സെക്രട്ടറിയുമായ ടി.ആർ. സുനിൽകുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. രണ്ടാംപ്രതിയായ മാനേജർ എം.കെ. ബിജു കരീം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയിലും സീനിയർ അക്കൗണ്ടൻറ് സി.കെ. ജിൽസ് തൊടുപറമ്പ് ബ്രാഞ്ചിലും അംഗമാണ്.

അതേസമയം, ബിജു കരീമിന്റെയൊപ്പമുള്ള മുൻമന്ത്രി എ.സി. മൊയ്തീന്റെ ചിത്രം പുറത്തുവന്നത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി. ബാങ്ക്തട്ടിപ്പ് പ്രതികളുടെ ഭാര്യമാർക്ക് പങ്കാളിത്തമുള്ള സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത് അന്ന് മന്ത്രിയായിരുന്ന എ.സി. മൊയ്തീനാണ്. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിക്കൊപ്പം ബിജു കരീമും ഉണ്ടായിരുന്നു. ബിജു കരീം ബന്ധുവാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ബിജു കരീമിനെ അറിയില്ലെന്നും എ.സി. മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു.