ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ആളുകളുടെയും ചരക്കുകളുടെയും നീക്കത്തിന് നിയന്ത്രണമുണ്ടാവില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നില്ല. കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഇപ്പോഴും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു.
കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പഞ്ചായത്തായ വോര്‍ക്കാടിയിലെ കര്‍ണാടകയോട് ചേരുന്ന റോഡുകളിലെല്ലാം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. കര്‍ശനമായ പരിശോധന നടത്തിയാണ് ആളുകളെ കടത്തി വിടുന്നത്. വോര്‍ക്കാടി പഞ്ചായത്തില്‍ മാത്രം ഇത്തരത്തില്‍ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന 9 റോഡുകളുണ്ട്. ഇവിടെയെല്ലാം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം തടസ്സപ്പെടുത്തുന്നു.
ആനക്കല്ലില്‍ പാലത്തോട് ചേര്‍ന്നാണ് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ വോര്‍ക്കടി പഞ്ചായത്തിലുള്ളവര്‍ക്ക് മാത്രം രജിസ്റ്ററില്‍ പേര് രേഖപ്പെടുത്തി അതിര്‍ത്തി കടക്കാം. ആനക്കല്ലിനോട് ചേര്‍ന്നു നില്‍ക്കുന്ന തൊട്ടടുത്ത പഞ്ചായത്തുകളിലുള്ളവര്‍ക്ക് അതിര്‍ത്തി കടക്കാനാവില്ല. അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ ജോലിക്കും മറ്റുമായി ഏറെയും ആശ്രയിക്കുന്നത് കര്‍ണാടകയെയാണ്.