കാസർകോട്: കാസര്‍കോട് കൊവിഡ് നിര്‍ദ്ദേശങ്ങള്‍ കാറ്റിൽ പറത്തി സ്വകാര്യ ബസ് യാത്ര. ചെർക്കള ബസ് സ്റ്റാന്റ് പരിസരമാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ പുറത്ത് വന്ന സാഹചര്യത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് വിദ്യാനഗർ പൊലീസ് അറിയിച്ചു. യാത്രക്കാരെ കുത്തിനിറച്ച് സര്‍വ്വീസ് നടത്തുന്ന കാസർകോട് പൈക്ക മുള്ളേരിയ റൂട്ടിലോടുന്ന ബസിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബസിന്റെ വാതിൽപ്പടിയിലും യാത്രക്കാര്‍ തിക്കിത്തിരക്കി നിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
സംസ്ഥാനത്ത് കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കര്‍ശന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പൊതുഗതാഗതം അനുവദിച്ചത്. എന്നാൽ പലയിടങ്ങളും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടുന്നതായാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
അതേസമയം കാസർകോട് ജില്ലയില്‍ പത്തുപേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ആറുപേര്‍ വിദേശത്തു നിന്നു വന്നവരും മൂന്നു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഡിഎംഒ ഡോ. എ വി രാംദാസ് അറിയിച്ചു. 67 വയസുള്ള ചെമ്മനാട് സ്വദേശിക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇന്ന് കാസര്‍കോട് കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞ വിവിധ ഭാഷാ തൊഴിലാളി മരിച്ചു. നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ ബണ്ടി എന്ന 23 കാരനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാള്‍ കാസര്‍കോട് എത്തിയത്. ഉച്ചയോടെ ഇയാള്‍ മരണപ്പെടുകയായിരുന്നു. ഇയാളുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സാമ്പിളുകള്‍ കൊറോണ പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.