സിപിഎമ്മിനു വേണ്ടി ധാരാളം മുദ്രാവാക്യം വിളിച്ചിട്ടുണ്ട്, 250 രൂപ മുടക്കി എല്ലാ തെരഞ്ഞെടുപ്പിയും സിപിഎമ്മിന് വോട്ട് ചെയ്യാന്‍ പോകും, കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ പറയുന്നു…

ചെറുപ്പത്തില്‍ സിപിഎമ്മിന് വേണ്ടി ധാരാളം മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും എല്ലാ തെരഞ്ഞെടുപ്പിലും 250 രൂപ വണ്ടിക്കൂലി മുടക്കി സിപിഎമ്മിന് വോട്ട് ചെയ്യാന്‍ പോകുമെന്നും കാസര്‍ഗോഡ് മരിച്ച കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. തന്റെ മകനെ കൊന്നത് സിപിഎം പ്രാദേശിക നേതാക്കള്‍ ഗൂഢാലോചന നടത്തിയാണെന്നും ആളെയെണ്ണിയെണ്ണി കൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഈ 250 കൃപേഷിന്റെ കുടുംബത്തിന് വലിയ തുക തന്നെയാണെന്ന് ഇവരുടെ വീട് കണ്ടാല്‍ തന്നെ മനസിലാകും. ഒരു തുണ്ട് ഭൂമിയില്‍ നാല് കമ്പില്‍ ചാരി വച്ച, ഓല കൊണ്ട് ചുമരടക്കം മേഞ്ഞ ചെറിയ പുരയിലാണ് താമസം. ഒറ്റമുറിയും അടുക്കളയുമുള്ള ഒരു കുടില്‍. കൃഷ്ണന്റെയും ഭാര്യയുടെയും ഏക മകനാണ് കൊല്ലപ്പെട്ടവരില്‍ ഒരാളായ കൃപേഷ്.

Loading...

തൊട്ടടുത്ത് പ്രശ്നമുണ്ടെന്നും കൃപേഷ് എന്നൊരു പയ്യന് കുത്തേറ്റുവെന്നും കേട്ടപ്പോള്‍ ആദ്യം ഇവര്‍ വിശ്വസിച്ചില്ല. 21കാരനായ പയ്യനാണ് മരിച്ചതെന്നാണ് ആദ്യം കേട്ടത്. പിന്നെയാണ് അത് കൃപേഷ് തന്നെയാണെന്ന് മനസിലായത്.

സിപിഎമ്മിന് സ്വാധീനമുള്ള മേഖലകളാണ് പെരിയയും കല്യോട്ടും. ഇവിടെ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പേരില്‍ കൃപേഷ് ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിയോട് അനുഭാവമുണ്ടെന്ന് പറയാന്‍ ആരെയും പേടിക്കേണ്ടെന്നായിരുന്നു കൃഷ്ണന്‍ മകന് കൊടുത്ത ഉപദേശം.

‘നിനക്ക് നിന്റെ പാര്‍ട്ടി, എനിക്ക് എന്റേതും. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പക്ഷെ, തല്ലിനും വഴക്കിനും പോകരുത്. പ്രശ്നമുണ്ടാക്കാന്‍ പോകരുത്’ എന്നും കൃഷ്ണന്‍ കൃപേഷിനോട് പറഞ്ഞിരുന്നു.

‘ഒരിക്കല്‍ പോളിടെക്നിക്കില്‍ പ്രശ്നമുണ്ടായപ്പോള്‍ എസ്എഫ്ഐക്കാര്‍ അവനെ തല്ലി. അന്ന് ഞാനവനോട് പ്രശ്നമുണ്ടാക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം നീ ഇനി കോളേജില്‍ പോയാല്‍ മതിയെന്ന്. അവന്‍ പിന്നെ പോയില്ല. പേടിച്ചിട്ടാണ്. അതോടെ പഠിത്തവും മുടങ്ങി. അടുത്തിടെ സിപിഎമ്മുകാര്‍ ഇവിടെ ഒരു ക്ലബ്ബ് കത്തിച്ചു.

അതറിഞ്ഞ് അവന്‍ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഇതിന്റെ പേരില്‍ ഇവിടെ നിന്നുമിറങ്ങിയാല്‍ ഇനിയിങ്ങോട്ട് തിരിച്ച് വരേണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് അവന്‍ പോയില്ല. ക്ലബ്ബ് കത്തിച്ചതിന്റെ പേരില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തപ്പോള്‍ കടയടപ്പിക്കാന്‍ അവനും പോയിരുന്നു.

അന്ന് സിപിഎം അനുകൂലിയായ വത്സന്‍ എന്നയാള്‍ പറഞ്ഞത് നിന്നെ പിന്നെ കണ്ടോളാം എന്നാണ്. അവനത് എന്നോട് വന്ന് പറയുകയും ചെയ്തു’.

അന്ന് കൃഷ്ണന്‍ കൃപേഷിനോട് സൂക്ഷിച്ച് നടക്കണമെന്ന് പറഞ്ഞതാണ്. കൊല്ലുമെന്ന് പറഞ്ഞാല്‍ സിപിഎമ്മുകാര്‍ അത് ചെയ്യുമെന്ന് കൃഷ്ണന് അറിയാമായിരുന്നു. അവര്‍ തന്നെയാണ് ഗൂഢാലോചന നടത്തിയതെന്ന് ഉറപ്പിച്ച് പറയുന്ന കൃഷ്ണന്‍ കൊലപാതകത്തിന് പിന്നില്‍ ആരൊക്കെയുണ്ടാകുമെന്നും എണ്ണിയെണ്ണി പറയുന്നു.