കോവിഡ് 19 സ്ഥിരീകരിച്ച എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിക്കു പിന്നാലെ കുടുംബത്തിലെ 6 പേര്‍ക്കും കൊറോണ പോസിറ്റീവ്

കാസര്‍ഗോഡ്: ഇക്കഴിഞ്ഞ ദിവസമാണ് കാസര്‍ഗോഡ് എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനിക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കുടുംബത്തിലെ ആറു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാവിനും പിതൃമാതാവിനും സഹോദരനും സഹോദരിക്കും ആണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച്‌ 17 ന് ദുബായില്‍ നിന്നെത്തിയ പിതാവിനാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനിയായ 16 കാരിക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ 40 വയസുള്ള മാതാവിനും 80 വയസുള്ള പിതൃമാതാവിനും 19 വയസുള്ള സഹോദരനും 13 വയസുള്ള സഹോദരിക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനി പരീക്ഷ എഴുതിയിരുന്നു. ഒപ്പം പരീക്ഷ എഴുതിയിരുന്ന വിദ്യാര്‍ത്ഥികളും ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരുമൊക്കെ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇനി ഇളയ സഹോദരി ആറുവയസുകാരിയുടെ പരിശോധനാഫലം പുറത്തുവരാനുണ്ട്.

അതേസമയം കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത ആറു പ്രദേശങ്ങള്‍ പൂര്‍ണമായും ഇപ്പോൾ പൊലീസ് നിയന്ത്രണത്തിലാണ്. പ്രദേശത്ത് ജനങ്ങളെ വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലേയും കാസര്‍കോട് നഗരസഭയിലേയും പ്രദേശങ്ങളാണ് പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ട അവശ്യ സാധനങ്ങള്‍ പൊലീസ് എത്തിച്ചു നല്‍കുമെന്ന് ഐ ജി വിജയ് സാഖറെ അറിയിച്ചിരുന്നു. ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ 9497935780 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് സന്ദേശയച്ചാല്‍ മതി. പൊലീസ് സാധനങ്ങള്‍ നേരിട്ട് വീട്ടിലെത്തിച്ച് നല്‍കും. പേരും ഫോണ്‍ നമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും വാട്ട്‌സ് ആപ്പിലൂടെ അയക്കണം.

Loading...

വീട്ടില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനാണെന്ന പേരില്‍ ഒരു വീട്ടില്‍ നിന്നും ഒന്നിലധികം ആളുകള്‍ കൂട്ടമായി പോകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇനി അത് അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രമെ പാടുള്ളു. കാറില്‍ ഡ്രൈവറിനെ കൂടാതെ ഒരാള്‍ മാത്രമെ പാടുള്ളുവെന്നും പൊലീസ് നിര്‍ദ്ദേശിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.