ദുബായ്: വാഹനാപകടത്തില്‍ പരുക്കേറ്റ കാസര്‍കോട് വെള്ളാച്ചല് സ്വദേശി യൂനുസ് മുഹമ്മദിന് ഏഴരലക്ഷം ദിര്‍ഹം (1.25 കോടി രൂപയോളം) നഷ്ടപരിഹാരം നല്കാന് ദുബായ് പ്രാഥമിക കോടതിവിധി. എമിറേറ്റ്സ് ഇന്‍ഷുറന്‍സ് കമ്പനിയാണു തുക നല്‍കേണ്ടത്.
2013 ജനുവരി 24നായിരുന്നു അപകടം. പച്ചക്കറി വാങ്ങാനായി സുഹൃത്ത് ഓടിച്ചിരുന്ന വാഹനത്തില്‍ അബുദാബിയില്‍ നിന്നു ദുബായ് അവീര്‍ മാര്‍ക്കറ്റിലേക്കു വരുമ്പോള്‍ ഗ്ലോബല്‍ വില്ലേജിനു സമീപത്തായിരുന്നു അപകടം. മറ്റൊരു വാഹനം ഇവരുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
സാരമായി പരുക്കേറ്റ യൂനുസിനെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലതവണ ശസ്ത്രക്രിയക്കു വിധേയനായി. പിന്നീട് തുടര്‍ചികില്‍സയ്ക്കായി നാട്ടിലേക്കു പോയി. തുടര്‍ന്ന് 15 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം തേടി അല്‍ കബ്ബാന്‍ അസോസിയേറ്റ്സ് വഴി കേസ് ഫയല്‍ ചെയ്തു. വിചാരണയ്ക്കിടെ മെഡിക്കല്‍ ബോര്‍ഡിനു മുന്പില് ഹാജരാകാന്‍ യൂനുസ് വിസിറ്റ് വീസയില്‍ എത്തിയിരുന്നു.
മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെയും അംഗവൈകല്യത്തിന്റെയും അടിസ്ഥാനത്തില്‍ ഏഴരലക്ഷം ദിര്‍ഹം നല്കാന് കോടതി വിധിക്കുകയായിരുന്നു. കൂടുതല്‍ നഷ്ടപരിഹാരത്തിനായി അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് അല്‍ കബ്ബാനിലെ സീനിയര്‍ ലീഗല്‍ കണ്‍സല്‍ട്ടന്റ് അഡ്വ.ഷംസുദ്ദീന് കരുനാഗപ്പള്ളി അറിയിച്ചു.