കാസർകോട് കൂട്ട കൊല: സി.പി.എം നേതാക്കൾ ജയിലിലേക്ക്

കാസര്‍കോട് : കാസര്‍കോട് ഇരട്ടക്കൊലക്കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. ലോക്കല്‍ കമ്മറ്റി അംഗമായ എ.പീതാംബരനാണ് അറസ്റ്റിലായിരിക്കുന്നത്.ഇന്നലെ രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യംചെയ്തു വരികയാണ്. പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ അറിയിച്ചു. കസ്റ്റഡിയിലുള്ള മറ്റ് ഏഴുപേരെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തിയേക്കും.

സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം കല്യോട്ടെ ഏച്ചിലടുക്കം എ.പീതാംബരൻ (45) ആണ് അറസ്റ്റി‍ലായത്. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ആറു പേർകൂടി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ട്.പീതാംബരനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് എസ്പി എ.ശ്രീനിവാസ് പറഞ്ഞു. ചൊവ്വാഴ്ച ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേർന്ന് തെളിവുകളും, മൊഴികളും വിലയിരുത്തി. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്. പ്രതികൾ സഞ്ചരിച്ച വാഹനം പൊലിസ് തിരിച്ചറിഞ്ഞു.

ഇന്നലെ രാത്രി പാക്കം വെളുത്തോളിയിലെ ചെറൂട്ട് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മഹിന്ദ്ര സൈലോ കാറാണ് പ്രതികൾ ഉപയോഗിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കാറിനൊപ്പം വാഹനത്തിന്റെ ഉടമ സജി ജോർജിനെയും കസ്റ്റഡിയിലെടുത്തു. കൃത്യം നടത്താൻ ഈ വാഹനം തന്നെയാണോ ഉപയോഗിച്ചത് എന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.