ഹർത്താൽ നടത്തിയാൽ നടപടിയെന്ന് കാസർഗോഡ് പോലീസ്, കാരണവും വ്യക്തമാക്കി

കാസര്‍കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ 17 -ാം തിയതി ഹർത്താൽ നടത്തിയാൽ നടപടി ഉണ്ടാകുമെന്ന് കാസർഗോഡ് പോലീസ്. ഹർത്താൽ നടത്തുന്നതും ആയി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ ഹർത്താൽ നിയമ വിരുദ്ധം ആണെന്നും നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

ചൊവ്വാഴ്ച ഹര്‍ത്താല്‍ നടത്തുന്ന സംഘടനകളുടെ പേരില്‍ നടപടിയെടുക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Loading...

ചൊവ്വാഴ്ച രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപമായി പ്രചരിക്കുന്നത്. ഇൗ സാഹചര്യത്തിലാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ അറിയിപ്പ്. പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക, എൻആർസി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് കാസർഗോഡ് പോലീസ് നിർദേശം നൽകിയിരിക്കുന്നത്.

പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക, എൻ.ആർ.സി ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 17.12.2019 തീയ്യതി രാവിലെ 6 മുതൽ വൈകുന്നേരം 6 മണിവരെ ഹർത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങൾ , ചില പ്രതിമാധ്യമങ്ങളിൽ കൂടി വ്യാപമായി പ്രചരിക്കുന്നുണ്ട്. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, ബി.എസ്.പി, കേരള മുസ്ലിം യുവജന ഫെഡറേഷൻ, സോളിഡാരിറ്റി, എസ്.ഐ.ഓ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡി.എച്ച്.ആർ.എം, ജമാ – അത്ത് കൗൺസിൽ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗതീരുമാനമാണെന്നുള്ള രീതിയിലാണ് സന്ദേശം പ്രചരിപ്പിക്കുന്നത്.
ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുമ്പ് നോട്ടിസ് നൽകണമെന്ന് 07.01.2019 തീയ്യതിയിലെ ബഹു. ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. നിലവിൽ യാതൊരു സംഘടനയും ഔദ്യോഗികമായി ഹർത്താലിന് ആഹ്വാനം ചെയ്ത് നോട്ടിസ് നൽകിയതായി കാണുന്നില്ല. ആയതിനാൽ മേൽ ഹർത്താൽ പ്രഖ്യാപനം നിയമവിരുദ്ധമാണ്. മേൽ ദിവസം കാസറഗോഡ് ജില്ലയിൽ ഹർത്താൽ നടത്തുകയോ , അനുകൂലിക്കുകയോ ചെയ്താൽ ആയതിന്റെ എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഉത്തരവാദിത്വം പ്രസ്തുത സംഘനകളുടെ ജില്ലാ നേതാക്കൾക്കായിരിക്കുമെന്നും അവരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇതിനാൽ അറിയിക്കുന്നു. കൂടാതെ 17 / 12 / 2019 തീയ്യതി സംസ്ഥാന വ്യാപകമായി നഗരസഭ / പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വോട്ടാവകാശം വിനിയോഗിക്കുന്നതിനും മറ്റും ഇത്തരം പ്രചാരണം തടസ്സം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ആയതിനാൽ ഇലക്ഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കും കൂടി പ്രസ്തുത നേതാക്കൾ ഉത്തരവാദികൾ ആയിരിക്കുന്നതാണ്.

ജില്ലാ പോലിസ് മേധാവി
കാസര്‍ഗോഡ്

അതേസമയം എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബി എസ് പി, കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ് ഐ ഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡി എച്ച് ആര്‍ എം, ജമാ- അത്ത് കൗണ്‍സില്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗ തീരുമാനമാണെന്നുള്ള രീതിയിലാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അറിയിപ്പ്.