കശ്‌മീരില്‍ വീണ്ടും സംഘര്‍ഷം; പലയിടത്തും വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു

ശ്രീനഗര്‍: സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പതിമൂന്നുവയസ്സുകാരന്‍ മരിച്ചതിനെ തുടര്‍ന്ന് ജമ്മുക്ശമീരില്‍ പലയിടത്തും വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു. പൂഞ്ചില്‍ പാകിസ്ഥാന്‍ സേന നടത്തിയ വെടിവയ്പില്‍ ഒരു ജവാന് പരിക്കേറ്റു. അതിര്‍ത്തിയിലെ സ്ഥിതി വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥി സിംഗ് രാജസ്ഥാനിലെ ബിഎസ്എഫ് പോസ്റ്റുകള്‍ സന്ദര്‍ശിച്ചു. ജമ്മുകശ്മീരിലെ ശ്രീനഗറിലെ ഈദ്ഗാഹ് ഇന്നലെ സുരക്ഷാ സേനകള്‍ക്കു നേരെ കല്ലെറിഞ്ഞ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ടിയര്‍ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിച്ചിരുന്നു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ പന്ത്രണ്ടു വയസ്സുകാരനായ ജുനൈദ് ആഹമ്മദാണ് ഇന്ന് പുലര്‍ച്ചെ ശ്രീനഗറിലെ എസ്‌ കെ ഐ എം എസ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ മാസം ഇതേ ഈദ്ഗാഹില്‍ നടന്ന ഒരു ഏറ്റുമുട്ടല്‍ ഏഷ്യാനെറ്റ് ന്യൂസ് പകര്‍ത്തിയിരുന്നു. ഈദിനു ശേഷം സ്ഥിതി ശാന്തമായെങ്കിലും ജുനൈദിന്റെ മരണത്തോടെ ഇവിടെ സംഘര്‍ഷം വീണ്ടും തുടങ്ങിയിരിക്കുകയാണ്. ശ്രീനഗറിലെ ഏഴു മേഖലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ബുര്‍ഹാന്‍ വാണിയുടെ വധത്തെ തുടര്‍ന്ന് കശ്മീരില്‍ തുടങ്ങിയ പ്രതിഷേധം ഇന്ന് 91 ആം ദിനത്തിലേക്ക് കടന്നു.

നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. പൂഞ്ചിലെ മന്തറില്‍ പാക് സേന രാവിലെ മോര്‍ട്ടാറുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ ആക്രമിച്ചു. പാക് പ്രകോപനത്തില്‍ ഒരു കരസേന ജവാന് പരിക്കേറ്റു. അതിര്‍ത്തിയിലെ സാഹചര്യം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നേരിട്ടെത്തി വിലയിരുത്തി. രാജസ്ഥാനിലെ ബിഎസ്എഫ് ക്യാമ്പുകളിലെത്തിയ രാജ്‌നാഥ് സിംഗ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നവമി, ദശറ ആഘോഷസമയത്ത് ജാഗ്രത പാലിക്കാന്‍ എല്ലാം സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

Loading...

.