പന്ത്രണ്ടാം വയസ്സില്‍ ഫേസ്ബുക്കില്‍ പാകിസ്ഥാന്‍ പതാകയുടെ ചിത്രമിട്ടു… അറസ്റ്റ് ചെയ്തത് ഇപ്പോൾ

ന്യൂഡല്‍ഹി: 2012ൽ…തന്റെ പന്ത്രണ്ടാം വയസ്സില്‍ ഫേസ്ബുക്കില്‍ പാകിസ്ഥാന്‍ പതാകയുടെ ചിത്രം പങ്കു വെച്ചതിന് ആഖിബ് റസൂല്‍ എന്ന യുവാവിനെ ഏഴു വര്‍ഷത്തിനു ശേഷം പൊലീസ് അറസ്റ്റു ചെയ്തതായി ഹഫിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ ജനത വേട്ടയാടപ്പെടുന്നു എന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലായിരുന്നു ആഖിബിന്റെ അറസ്റ്റ്.

ഹിമാചല്‍ പ്രദേശ് പൊലീസ് ആണ് ഫെബ്രുവരി 17ന് ആഖിബിനെ അറസ്റ്റു ചെയ്തത്. വൈ.എസ് പര്‍മാര്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന ആഖിബിന്റെ സഹവിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരമാണ് അറസ്റ്റ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റസൂലിനെക്കൂടാതെ ഇതേ സര്‍വകലാശാലയില്‍ പഠിക്കുന്ന പീര്‍ സാദാ താബിഷ് ഫയാസ് എന്ന 21 കാരനേയും പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് ചെയ്ത പ്രവര്‍ത്തിയെ അടിസ്ഥാനമാക്കി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

Loading...

2011, 2014 വര്‍ഷങ്ങളില്‍ സാമൂഹ്യമാധ്യങ്ങളില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് ഫയാസിനേയും അറസ്റ്റു ചെയ്തിരിക്കുന്നത്.

ഇവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ രാജ്യദ്രോഹികളാണെന്ന് സംശയിപ്പിക്കുന്നതാണ് ഇവരുടെ പോസ്റ്റ് എന്നും പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നതായി ഹഫ്‌പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന് കാണിച്ച് സെക്ഷന്‍ 153 പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പൊലീസ് ഫൊറന്‍സിക് അന്വേഷണത്തിന് അയച്ചിരിക്കുകയാണ്.