ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപാറിൽ കുഞ്ഞുമായി നടക്കാനിറങ്ങിയ മുത്തച്ഛന്റെ മരണത്തിൽ സി. ആർ. പി. എഫ് നെതിരെ കുടുംബം.അച്ഛനെ വണ്ടിയിൽ നിന്ന് വലിച്ചിറക്കി സി. ആർ. പി. എഫ് വെടി വച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി മകൻ ആരോപിച്ചു. പൊലീസാണ് വെടി വച്ചതെന്ന് കുഞ്ഞു പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. എന്നാൽ കുടുംബത്തിന്റെ ആരോപണം സി. ആർ. പി. എഫ് നിഷേധിച്ചു. അസത്യമാണ് പ്രചരിക്കുന്നത് എന്ന് സി. ആർ. പി. എഫ്, എ. ഡി. ജി സുൽഫിഖർ ഹസൻ പ്രതികരിച്ചു. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപാറിൽ ഇന്നലെ പുലർച്ചെ ഉണ്ടായ ഭീകരാക്രമണത്തിലാണ് രാജ്യത്തെ കണ്ണീരിലാഴ്ത്തിയ സംഭവങ്ങൾ ഉണ്ടായത്.
പുലർച്ചെ കൊച്ചു മകനുമൊത്തു കാറിൽ പോവുകയായിരുന്ന അറുപത്തിയഞ്ചു വയസുകാരൻ ബഷീർ അഹ്മദ് ഖാന് ഭീകരാക്രമണത്തിൽ വെടിയേറ്റു. മുത്തച്ഛൻ മരിച്ചതോടെ ഒറ്റപെട്ടു പോയ 3 വയസുകാരനെ സി. ആർ. പി. എഫ് അതിസാഹസികമായി രക്ഷപെടുത്തി. കുഞ്ഞിനെ ആശ്വസിപ്പിച്ചു സൈനികർ എടുത്തു കൊണ്ട് പോകുന്ന ദൃശ്യങ്ങളടക്കം പുറത്തു നടന്നു. എന്നാൽ മരണപെട്ട ബഷീർ അഹ്മദ് ഖാന്റെ കുടുംബം മറ്റൊരു ആരോപണമാണ് ഉന്നയിക്കുന്നത്.
അച്ഛനെ കാറിൽ നിന്നും വലിച്ചിറക്കി സി. ആർ. പി. എഫ് വെടിവച്ചു കൊന്നുവെന്ന് സംഭവ സമയത്തു അവിടെ ഉണ്ടായിരുന്നവർ പറഞ്ഞതായി മകൻ പറഞ്ഞു. ആക്രമണത്തെ അതി ജീവിച്ചു വീട്ടിലെത്തിയ മൂന്ന് വയസുകാരൻ, പൊലീസാണ് വെടി വച്ചത് എന്ന് പറയുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യപാകമായി പ്രചരിക്കുന്നു. കുടുംബത്തിന്റെ ആരോപണങ്ങൾ സി. ആർ. പി. എഫ് നിഷേധിച്ചു. അസത്യമാണ് പ്രചരിക്കുന്നത് എന്ന് സി. ആർ. പി. എഫ്, എ. ഡി. ജി സുൽഫിഖർ ഹസൻ പ്രതികരിച്ചു.