കശ്മീർ ഭീകരാക്രമണം; 17 സൈനികർ കൊല്ലപ്പെട്ടു . നാലു ഭീകരരെ വധിച്ചു

ശ്രീനഗർ: കശ്മീരിലെ ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 17 ജവാൻമാർ എന്നു സ്ഥിരീകരണം. സൈനികവൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു. 20 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ആസ്ഥാനത്ത് അതിക്രമിച്ചു കടന്ന് ആക്രമണം നടത്തിയ നാലു ഭീകരരെയും സൈന്യം വധിച്ചു. കശ്മീരിലെ ബാരാമുള്ളയിലെ ഉറിയിൽ 12 ബ്രിഗേഡ് ആസ്ഥാനത്താണ് ആക്രമണമുണ്ടായത്. 2014നു ശേഷം കശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തിൽ തെരച്ചിൽ തുടരുകയാണ്.ശ്രീനഗർ-മുസഫറാബാദ് ദേശീയപാതയ്ക്ക് അരികിൽ നിയന്ത്രണരേഖയ്ക്ക് സമീപമാണ് ബ്രിഗേഡ് സ്ഥിതി ചെയ്യുന്നത്.

പുലർച്ചെ നാലു മണിയോടെ ഭീകരർ ആക്രമണം തുടങ്ങി. കമാൻഡോ ശൈലിയിൽ എത്തിയ ഭീകരർ സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. വൻ ആയുധശേഖരവുമായാണ് ഇവർ അകത്തു കടന്നതെന്നാണു നിഗമനം. ആക്രമണത്തിൽ ചില ബാരക്കുകൾക്കു തീപിടിച്ചു. പരുക്കേറ്റ സൈനികരെ 70 കിലോമീറ്റർ അകലെയുള്ള സൈനിക ആശുപത്രിയിലേക്കു ഹെലികോപ്ടറിലാണ് എത്തിച്ചത്.ഭീകരാക്രമണത്തെത്തുടർന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ജമ്മു-കശ്മീർ ഗവർണർ, മുഖ്യമന്ത്രി എന്നിവരുമായി രാജ്‌നാഥ് സിംഗ് ചർച്ച നടത്തി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ രാജ്‌നാഥ് സിംഗ് ആഭ്യന്തര സെക്രട്ടറിയോടും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവികാസങ്ങളെത്തുടർന്നു റഷ്യയിലേക്കും യുഎസിലേക്കുമുള്ള രാജ്‌നാഥിന്റെ യാത്ര റദ്ദാക്കി. പ്രതിരോധമന്ത്രി മനോഹർ പരീഖറും സൈനിക മേധാവി ജനറൽ ദൽബീർ സിങ്ങും ഇന്നു തന്നെ കശ്മീരിലെത്തും,