ബൈക്ക് യാത്രക്കാരനെ ലാത്തികൊണ്ട് എറിഞ്ഞിട്ടില്ല, ചൂരല്‍ വീശുകയായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കൊല്ലം : കടയ്ക്കലില്‍ ഹെല്‍മറ്റ് പരിശോധനയ്ക്കിടെ യുവാവിന്റെ ബൈക്ക് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പോലീസുകാരുടേത് കുറ്റകരമായ അനാസ്ഥയെന്ന് റിപ്പോര്‍ട്ട്. ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട് കൊല്ലം റൂറല്‍ എസ്പിയ്ക്ക് കൈമാറി.

ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തിയെന്ന ആരോപണം തെറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലാത്തികൊണ്ട് എറിഞ്ഞിട്ടില്ല. കയ്യിലിരുന്ന ചൂരല്‍ വീശുകയാണ് ചെയ്തത്. പരിശോധനയ്ക്ക് ചൂരല്‍ ഉപയോഗിച്ചത് ഗുരുതരമായ തെറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Loading...

ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചെത്തിയതു കണ്ടപ്പോള്‍ വാഹനം നിര്‍ത്താനായി സിപിഒ ചന്ദ്രമോഹന്‍ റോഡില്‍ കയറി നിന്ന് ചൂരല്‍ വീശുകയായിരുന്നു. അപ്രതീക്ഷിതമായ പോലീസ് നീക്കത്തില്‍ ഭയന്ന യുവാവ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് കാറില്‍ ഇടിക്കുകയായിരുന്നു. ചൂരല്‍ പ്രയോഗിക്കുന്നത് കണ്ടിട്ടും നേതൃത്വം നല്‍കിയ എസ്‌ഐ തടഞ്ഞില്ലെന്നും ഇത് കുറ്റകരമായ അനാസ്ഥയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കടയ്ക്കലില്‍ വാഹന പരിശോധനയ്ക്കിടെ ഹെല്‍മെറ്റ് ധരിച്ചില്ലെന്നും കൈകാണിച്ചിട്ട് വാഹനം നിര്‍ത്തിയില്ലെന്നും പറഞ്ഞ് ബൈക്ക് യാത്രികനെ പോലീസുകാരന്‍ ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തിയ സംഭവത്തില്‍ പോലീസിനെ വെട്ടിലാക്കി യുവാവിന്റെ മൊഴി. ബൈക്ക് നിര്‍ത്താന്‍ തന്നോട് പോലീസ് ആവശ്യപ്പെട്ടില്ലെന്നും കൈകാണിക്കാതെയാണ് ലാത്തി എറിഞ്ഞതെന്നും പരിക്കേറ്റ യുവാവ് പറയുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കിഴക്കുംഭാഗം സ്വദേശി സിദ്ദിക്ക് (19) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് എറിഞ്ഞ ലാത്തി ടയറില്‍ കുടുങ്ങിയാണ് ബൈക്ക് മറിഞ്ഞതെന്നും യുവാവ് പറഞ്ഞു. തലയ്ക്കും മുഖത്തുമാണ് ഗുരുതരമായി പരിക്കേറ്റത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കടയ്ക്കല്‍-മടത്തറ പാതയില്‍ കാഞ്ഞിരത്തുംമൂട് ഭാഗത്തെ വളവിലായിരുന്നു സംഭവം. പോലീസിന്റെ സ്ഥിരം വാഹന പരിശോധന കേന്ദ്രമാണ് ഈ വളവെന്ന് നാട്ടുകാരും പറയുന്നു.

ഇതിനിടെ വാഹനപരിശോധനയുടെ പേരില്‍ ബൈക്ക് യാത്രക്കാരനെ എറിഞ്ഞു വീഴ്ത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച പൊലീസുകാരനെ സസ്പെന്‍ഷന്റു ചെയ്തു.

കൊല്ലം കടയ്ക്കല്‍ സ്വദേശിയായ സിദ്ദിക്കിനെയാണ് കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ ചന്ദ്രമോഹന്‍ എറിഞ്ഞുവീഴ്ത്തിയത്. തുടര്‍ന്ന് സിദ്ദിക്ക് ബൈക്കിന്റെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ ചെന്ന് ഇടിക്കുകയായിരുന്നു.

വാഹനപരിശോധന കണ്ട് സിദ്ദിഖ് ബൈക്ക് നിര്‍ത്താതെ പോയപ്പോഴാണ് ചന്ദ്രമോഹന്‍ തന്റെ കൈയില്‍ ഉണ്ടായിരുന്ന ലാത്തി കൊണ്ട് സിദ്ദിഖിനെ എറിഞ്ഞുവീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹെല്‍മെറ്റ് പരിശോധനയ്ക്കിടെയാണ് സംഭവം ഉണ്ടായത്. പൊലീസിന്റെ ഈ അതിക്രമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. പാരിപ്പള്ളി മടത്തറ റോഡാണ് നാട്ടുകാര്‍ ഉപരോധിച്ചത്.

കാഞ്ഞിരംമൂട് ഭാഗവും സംഘര്‍ഷാവസ്ഥയിലാണ്. സംഭവത്തില്‍ ശക്തമായ നടപടി എടുത്തിട്ടുണ്ടെന്ന് കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ അറിയിച്ചു. ഹെല്‍മെറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ടു പിടികൂടരുതെന്ന ഹൈക്കോടതി നിര്‍ദേശം വന്നതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം ഉണ്ടാകുന്നത്.

ട്രാഫിക് ലംഘനം കണ്ടെത്താന്‍ ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും റോഡിനു മധ്യത്തില്‍ നിന്നുള്ള ഹെല്‍മെറ്റ് പരിശോധന പാടില്ലെന്നും ഹെല്‍മെറ്റ് ഉപയോഗിക്കാത്തവരെ കായികമായല്ല നേരിടേണ്ടതെന്നും ഹൈക്കോടതി നിര്‍ദ്ദേശം വന്നിരുന്നു. ഇതുസംബന്ധിച്ച് ഡി.ജി.പി പുറത്തിറക്കിയ സര്‍ക്കുലര്‍ കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.