കട്ടപ്പനയില്‍ അര്‍ബുദ രോഗിയെ ബുദ്ധിമുട്ടിച്ച സബ് രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, പിരിച്ചു വിടണമെന്ന് മന്ത്രി

തിരുവനന്തപുരം: അര്‍ബുദ രോഗിയെ ബുദ്ധിമുട്ടിച്ച സബ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തു. കട്ടപ്പന സബ് രജിസ്ട്രാര്‍ ജി. ജയലക്ഷ്മിയെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. നടപടി മന്ത്രി ജി. സുധാകരന്റെ നിര്‍ദേശപ്രകാരമായിരുന്നു. ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യാനെത്തിയ അര്‍ബുദ രോഗിയെ ആണ് സബ് രജിസ്ട്രാര്‍ നിര്‍ബന്ധിച്ച് മൂന്നാം നിലയിലെ ഓഫീസിലെത്തിച്ചത്. ഇതിന് തൊട്ടടുത്ത ദിവസം ഇയാള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. പിന്നീട് ജയലക്ഷ്മിക്കെതിരെ പരാതി ഉയര്‍ന്നതോടെയാണ് സംഭവം അന്വേഷിച്ച് മന്ത്രി നടപടിയെടുത്തത്. മന്ത്രി ജി. സുധാകരന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാറെ സസ്പെൻ്റ് ചെയ്തു.കട്ടപ്പന സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥനുമായ സനീഷ് ജോസഫ് ക്യാൻസർ രോഗബാധിതനായിരുന്നു. ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുന്നതിലേയ്ക്കായി ഈ മാസം ആറിന് ആംബുലൻസിലാണ് അദ്ദേഹം സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് എത്തിയത്.

Loading...

കടുത്ത രോഗബാധിതനും കിടപ്പു രോഗിയായ അദ്ദേഹത്തെ കട്ടപ്പന മിനി സിവിൽ സ്‌റ്റേഷൻ്റെ മൂന്നാം നിലയിലുള്ള തൻ്റെ ഓഫീസിലെത്തിക്കണമെന്ന് രജിസ്ട്രാർ നിർബന്ധിച്ചു. കസേരയിലിരുത്തി അദ്ദേഹത്തെ മൂന്നാം നിലയിൽ എത്തിച്ചതിനു ശേഷമാണ് ആധാരം രജിസ്റ്റർ ചെയ്ത് നൽകാൻ തയ്യാറായത്.കരുണാശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായി ജോലി നോക്കിയിരുന്ന സുനീഷ് ജോസഫ് അടുത്ത ദിവസം അന്തരിച്ചു.സമൂഹമാധ്യമങ്ങളിലൂടെ വിവരം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തിൻ്റെ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചു.

കോംപൗണ്ടിൽ പ്രവേശിച്ചപ്പോൾ തന്നെ ഓഫീസിലെത്തിയതായി കണക്കാക്കി വേണ്ട നടപടികൾ എടുക്കാൻ തുനിയാതെ മനുഷ്യത്വ രഹിതമായി പെരുമാറിയ കട്ടപ്പന സബ് രജിസ്ട്രാർ ജി.ജയലക്ഷ്മിയെ പ്രാഥമിക അന്വേഷണം നടത്തി സസ്പെൻ്റ് ചെയ്തു. ആസന്ന മരണനായിരുന്ന ഒരു ക്യാൻസർ രോഗിയോട് ദയാശൂന്യമായ നിലപാട് സ്വീകരിച്ച് വകുപ്പിന് കളങ്കമുണ്ടാക്കിയ ഇവരെ വിശദമായ അന്വേഷണം നടത്തി സർവ്വീസിൽ നിന്നും പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് നികുതി വകുപ്പ് ജോയിൻ്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമൂഹികവും മാനുഷികവും ഭരണപരവുമായി ഏറെ പ്രാധാന്യമുള്ള ഈ തീരുമാനം നിർഭാഗ്യവശാൽ മുഖ്യധാരാ മാധ്യമങ്ങൾ വേണ്ട പരിഗണനയോടെ റിപ്പോർട്ട് ചെയ്ത് കണ്ടില്ല.

വകുപ്പുകളുടേയും ചട്ടങ്ങളുടേയും ചതുരങ്ങൾക്കപ്പുറം മനുഷ്യസ്നേഹത്തിൻ്റെ അനുതാപത്തിൻ്റെ ചക്രവാളം കൂടി കാണാൻ Interpretation of Legislation അഥവാ നിയമത്തെ മനുഷ്യത്വം ചാലിച്ച് വ്യാഖ്യാനിക്കാൻ ഉദ്യാഗസ്ഥർക്ക് കണ്ണുണ്ടാവണം, മനസ്സുണ്ടാവണം.ഭൂരിഭാഗവും ആത്മസമർപ്പിതമായി ജോലി ചെയ്യുന്നവരും ജനോപകാരപ്രദമായ നിലപാടുകളുള്ളവരുമാണ്. എന്നാൽ പൊതു ജനങ്ങളോട് നിർദ്ദയമായി പെരുമാറുന്നവരോട് ഇടതു സർക്കാരിന് ദയയും ദാക്ഷണ്യവും ഒത്തുതീർപ്പുകളുമില്ല.