നീ എന്നെ മറക്കുകില്‍

മഠത്തില്‍ രാജേന്ദ്രന്‍ നായര്‍ 

(ചിലിയന്‍ മഹാകവി പാബ്ളോ നെറൂദായുടെ ഈഫ് യൂ ഫൊര്‍ഗെറ്റ് മി എന്ന കവിതയുടെ   പരിഭാഷ )

Loading...

നീയൊരു കാര്യമറിയണം

നിനക്കറിയാമിത്:

എന്‍റെ ജാലകത്തിന്‍ പുറത്ത്

പതുക്കെ വിരിയും ശരത്കാല-

സ്ഫടിക ചന്ദ്രനെ, ചുവന്ന ശാഖയെ

ഞാന്‍ നോക്കിയാല്‍,

അഗ്നിക്കരികിലെ

സ്പര്‍ശത്താലറിയാത്ത ഭസ്മത്തെ,

കരിഞ്ഞു ചുളുങ്ങിയ കരിവിറകിന്‍ ശരീരത്തെ

തൊട്ടാല്‍, ഞാനെത്തും നിന്നില്‍,

അപ്പോള്‍ മണങ്ങള്‍ വെളിച്ചം ലോഹങ്ങളിവ

പിന്നെയുലകിലസ്തിത്വമൂറും വസ്തുക്കളെല്ലാം എനിക്കായ്

കാതോര്‍ത്തുനില്‍കും

നിന്‍റെ ചെറു ദ്വീപുകളിലേക്കെന്നെപ്പേറി-

ത്തുഴയും തോണികള്‍ പോലെ

കേള്‍ക്കു, ഇറ്റിറ്റായി നീയെന്നെ

സ്നേഹിക്കുവാന്‍ മറന്നാല്‍

എന്‍റെ സ്നേഹവുമിറ്റിറ്റായി വറ്റിടാം

പെട്ടെന്നെങ്ങാനുമെന്നെ മറന്നീടുകില്‍

നോക്കേണ്ട പിന്നെയെന്നെ

മറന്നിട്ടുണ്ടാവാം നിന്നെയും ഞാനപ്പോള്‍

ദീര്‍ഘമാമൊരുഭ്രാന്താണെന്‍റെ

വാഴ്വിലൂടെ പാഞ്ഞടിച്ചുപോം

പ്രേമഘോഷിപ്പിന്‍ കാറ്റുകളിവ-

യെന്നു നീ കരുതി-

യെന്നെ ത്യജിക്കാനൊരുങ്ങുകില്‍

വേരുകള്‍ മുളക്കുമെന്‍ ഹൃത്തിന്‍ തീരത്തില്‍,

അറിക,  ആ ദിവസം ആ വെറും മണിക്കൂറില്‍

ഞാനെന്‍ ബാഹുക്കളുയര്‍ത്തീടും,

ഏന്‍റെ വേരുകള്‍ വേറൊരു

ഭൂമിയെത്തേടിപ്പോകും

മറിച്ച്, ഓരോദിനനാഴികതോറും

എനിക്കായ് വിധിക്കപ്പെട്ടതാണു നീ

എന്നു ശമിക്കാ മാധുരിയോടെ

നിനക്ക് തോന്നുന്നെങ്കില്‍

ഓരോ ദിനവുമൊരു പുതുപൂവെന്നെത്തേടി

നിന്നധരത്തിലുയരുമെങ്കില്‍,

പ്രിയെ, എന്‍റെമാത്രമെ,

വീണ്ടുമഗ്നികളെല്ലാമെന്നില്‍ പടര്‍ന്നാടും,

കെട്ടടങ്ങുകയില്ല എന്നിലൊന്നും

മറക്കപ്പെട്ടുപോകയുമില്ല

പ്രിയെ, നീയുലകിലുള്ളവരെ

നിന്‍ പ്രേമമുണ്ടുതളിര്‍ക്കും

എന്‍ പ്രേമം നിന്‍ കരവലയത്തിലൊതുങ്ങും

എന്‍റെ കൈപ്പിടി വിടാതെ