പിറന്നാൾ കുട്ടി

തലയിൽ തെളിഞ്ഞ  വെള്ളി രേഖകളും

തോളൊപ്പമെത്തിയ മക്കളും ഓർമപ്പെടുത്തി

ആയുസ് പുസ്തകത്തിൽ  ഒരു താൾ കൂടി മറിഞ്ഞെന്നു…….

 

എത്തിനോക്കുന്നു ഒരു പിറന്നാൾ കുട്ടി

കൈമോശം വന്ന ബാല്യ കാലത്തിൽ നിന്ന്

അമ്മ തൻ പൊന്നുമ്മയും അച്ഛന്റെ വക ഒരു പിടി ചോറും

ബാക്കിയില്ലിനി എൻ കയ്യിൽ ഒരു സമ്മാനപ്പൊതിയും പകരം വക്കാൻ…….

 

പോകുവാനൊരുപാട് കാതം ബാക്കി

തീര്‍ക്കുവാനൊരുപാട് കർമം ബാക്കി

ജീവനും മരണത്തിന്നുമിടയിൽ എത്ര നൂൽ പാലങ്ങൾ

കയറിയിറങ്ങുവാനെത്ര കൽപടവുകൾ………..

എങ്കിലും ഞാനിന്നു ധന്യയായ്‌

എന്റെ മുഖപുസ്തകതിൻ ഭിത്തിയിൽ

കോറിയിട്ട സ്നേഹത്തിൻ മഞ്ഞുതുള്ളികളാൽ………

ജീവിതം പായുമ്പോൾ ഓടി കിതച്ചു ഞാനും മുന്നോട്ടു

ഓര്‍മ്മകളിടറിവീണ നടപ്പാതകളും

പാതിവഴിയിലെ സ്വപ്നങ്ങളും

ഇനിയെത്ര ജന്മദിനങ്ങളെനിക്കു ബാക്കി……

മോഹിക്കുന്നു വൃഥാ ഇപ്പോഴും

അമ്മയുടെ ചുണ്ടിലെ മുത്തമായിടുവാൻ

അച്ഛന്റെ മടിയിലെ പിറന്നാൾ കുട്ടിയായിടുവാൻ………..!