നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെ ഇന്ന് ചോദ്യം ചെയ്തത് നാലര മണിക്കൂർ

നടിയെ ആക്രമിച്ച കേസിലും വധ​ഗൂഢാലോചനാ കേസിലും നടി കാവ്യാ മാധവനെ ചോദ്യം ചെയ്തു. ദിലീപിന്റെ പത്മസരോവരം വീട്ടിൽ വെച്ചാണ് കാവ്യയെ ചോദ്യം ചെയ്തത്. ഇന്നത്തെ ചോദ്യം ചെയ്യൽ നാലര മണിക്കൂറാണ് നീണ്ടത്. ഉച്ചയ്ക്ക് 12ന് തുടങ്ങിയ ചോദ്യം ചെയ്യൽ നാലര മണിക്കാണ് തീർന്നത്. ഈ മാസം 31ന് മുൻപായി അന്വേഷണം പൂർത്തിയാക്കണമെന്ന കോടതി നിർദേശമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ചിന്റെ ഈ നീക്കം ഉണ്ടായിരിക്കുന്നത് .രണ്ട് ഘട്ടങ്ങളായാണ് ചോദ്യം ചെയ്യൽ നടന്നത്.

ആദ്യഘട്ടത്തിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളും രണ്ടാംഘട്ടത്തിൽ വധ​ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് കാവ്യയോട് ചോദിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷമുള്ള ദിലീപിന്റെ സഹോദരീഭർത്താവ് സുരാജിന്റെ ശബ്ദശകലങ്ങളിൽ കാവ്യയെപ്പറ്റിയുള്ള പരാമർശമുണ്ടായിരുന്നു. ഓഡിയോ കേൾപ്പിച്ചും ചില ദൃശ്യങ്ങൾ കാട്ടിയുമാണ് ചോദ്യം ചെയ്യൽ നടന്നത്. ഇതോടെ അന്വേഷണത്തിന്റെ നിർണായക ഘട്ടം പൂർത്തിയാകും. ഇനി കൂറുമാറിയ സാക്ഷികളെയാണ് ചോദ്യം ചെയ്യേണ്ടത്. ചോദ്യം ചെയ്യലിന് ശേഷം കാവ്യയ്ക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് ബോധ്യമായാൽ പ്രതിപ്പട്ടികയിലുണ്ടാവും.

Loading...