റോഡ് ഷോ വില്ലനായി; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയാതെ കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയാതെ കെജ്രിവാള്‍. പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം റോഡ് ഷോ നീണ്ട് പോയതിനാലാണ് കെജ്രിവാളിന് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയാതെ പോയത്. തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞില്ല. നാളെ കുടുംബത്തോടൊപ്പമെത്തി പത്രിക സമര്‍പ്പിക്കുമെന്നാണ് കെജ്രിവാള്‍ അറിയിച്ചിരിക്കുന്നത്. പത്രിക സമര്‍പ്പിക്കുന്നതിനായി മത്സരാര്‍ത്ഥി വൈകീട്ട് മൂന്നുമണിക്കുള്ളില്‍ ഇലക്ഷന്‍ കമ്മീഷണറുടെ എത്തണമെന്നാണ് ചട്ടം.

റോഡ് ഷോയിലെ ജനത്തിരക്ക് കാരണം സമയത്ത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ എത്താന്‍ സാധിക്കാതെ പോയതാണ് കാരണം. വന്‍ റോഡ് ഷോയ്ക്ക് ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ റോഡ് ഷോയിലെ തിരക്ക് കാരണം മൂന്ന് മണിക്ക് മുന്‍പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്താനായില്ല. ഇതോടെ അരവിന്ദ് കെജ്രിവാള്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനമായി. ചൊവ്വാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുളള അവസാന ദിവസം. ന്യൂ ദില്ലി സീറ്റില്‍ നിന്നാണ് കെജ്രിവാള്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത്.

Loading...

വാത്മീകി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് കെജ്രിവാള്‍ റാലി ആരംഭിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ചൂലേന്തിയാണ് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ റാലിക്കെത്തിയത്. കുടുംബാംഗങ്ങള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് എന്നിവരും റാലിയില്‍ കെജ്രിവാളിനൊപ്പമുണ്ടായിരുന്നു. ന്യൂ ദില്ലി മണ്ഡലത്തില്‍ നിന്ന് മൂന്നാം തവണയാണ് അരവിന്ദ് കെജ്രിവാള്‍ ജനവിധി തേടുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി വാത്മീകി ക്ഷേത്രത്തില്‍ നിന്ന് ഹനുമാന്‍ മന്ദിര്‍ വരെയായിരുന്നു റാലി സംഘടിപ്പിച്ചിരുന്നത്. കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി തന്നെ ദില്ലിയില്‍ വീണ്ടും അധികാരത്തിലെത്തും എന്നാണ് തിരഞ്ഞെടുപ്പ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്. 2015ല്‍ ദില്ലിയിലെ ആകെയുളള 70 സീറ്റുകളില്‍ 67 എണ്ണവും തൂത്തുവാരിയാണ് ആം ആദ്മി പാര്‍ട്ടി വിജയം കണ്ടത്. ഫെബ്രുവരി 8നാണ് ദില്ലിയില്‍ തിരഞ്ഞെടുപ്പ്. ഫെബ്രുവരി 21ന് ഫലമറിയാം.