മദ്യനയ അഴിമതി, ജാമ്യം സ്റ്റേ ചെയ്ത ഹൈകോടതി നടപടിക്കെതിരെ കെജ്രിവാൾ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ വിചാരണ കോടതിയുടെ ജാമ്യം താൽക്കാലികമായി സ്റ്റേ ചെയ്ത ഡൽഹി ഹൈകോടതി നടപടിക്കെതിരെ അരവിന്ദ് കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചു. തിങ്കളാഴ്ച തന്നെ ഹർജി കേൾക്കണമെന്ന് കെജ്രിവാളിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

വിചാരണ കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങാൻ നിൽക്കെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈകോടതിയെ സമീപിക്കുന്നത്. വിചാരണ കോടതിയുടെ നടപടിയിൽ വിധിപറയുന്നതുവരെയാണ് ജാമ്യം സ്റ്റേ ചെയ്തത്. മാർച്ച് 21 മുതൽ കെജ്രിവാൾ ജയിലിലാണ്. ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹത്തിന് താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു

Loading...

വിചാരണ കോടതിയുടെ നടപടിയിൽ വീഴ്ചയുണ്ടായെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ എസ്.വി രവി ഹൈകോടതിയിൽ വാദിച്ചു. എന്നാൽ, വർഷങ്ങളായി മുന്നോട്ടു വെച്ച വാദങ്ങളൊന്നും ഇ.ഡിക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കെജ്രിവാളിന്‍റെ അഭിഭാഷകനായ അഭിഷേക് സിങ്വി കോടതിയിൽ പറഞ്ഞു.