ന്യൂഡല്‍ഹി: പരീക്ഷണാടിസ്ഥാനത്തില്‍ നാല് കോവിഡ് രോഗികളില്‍ നടത്തിയ പ്ലാസ്മ തെറപ്പി ചികിത്സയ്ക്ക് മികച്ച പ്രതികണമാണ് ലഭിച്ചതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ വച്ചാണ് കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ തെറപ്പി ചികിത്സ നടത്തിയതെന്നും ചികിത്സഫലം വളരെ ഫലപ്രദമായിരുന്നുവെന്നും അരവിന്ദ് കേജരിവാള്‍ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. രണ്ട് പേരുടെ രോഗം ഭേദമായെന്നും ഈ ചികിത്സ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുവാന്‍ കേന്ദ്രസര്‍ക്കാറിന്റെ അനുവാദം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള മരുന്ന് കണ്ടെത്തിയെന്ന് ആരും കരുതരുതെന്നും ഇത് പ്രതീക്ഷയുടെ കിരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗം ഭേദമായ രണ്ട് പേര് ആശുപത്രിയില്‍ നിന്നും ഉടന്‍ മടങ്ങും. ഇവരില്‍ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും അരവിന്ദ് കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, 2,376 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ 50 പേര് മരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ പഴം, പച്ചക്കറി മാര്‍ക്കറ്റായ ഡല്‍ഹിയിലെ ആസാദ്പുര്‍ മണ്ഡിയിലെ 300 കടകള്‍ അടച്ചു. ഒരു വ്യാപാരി കോവിഡ് ബാധിച്ച് മരിക്കുകയും രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കടകള്‍ കൂട്ടത്തോടെ അടച്ചത്.
നൂറ് ഏക്കര്‍ സ്ഥലത്തായി പടര്‍ന്നു കിടക്കുന്ന ചന്തയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് പരിശോധനകള്‍ നടത്തണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികൃതര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തുന്ന പ്രദേശമാണ് ഇവിടം. തിങ്ങിയിടുങ്ങിയുള്ള 2,800 കടകളിലായി ആയിരക്കണക്കിന് തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. 57കാരനായ വ്യാപാരിയാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 17 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. ഇതിലും കൂടുതല്‍ ആളുകള്‍ ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്പ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.