ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്‌റിവാളിനു സമ്മാനമായി നല്‍കിയ കാര്‍ തിരികെ വേണമെന്ന് പ്രവാസി ഇന്ത്യക്കാരന്‍. പാര്‍ട്ടി രൂപീകരിച്ച ആദ്യ കാലത്താണു ഇംഗ്ലണ്‌ടില്‍ സോഫ്‌റ്റ് വെയര്‍ എന്‍ജിനീയറായ കുന്ദന്‍ ശര്‍മ തന്റെ നീല വാഗണ്‍ ആര്‍ കാര്‍ കേജ്‌റിവാളിനു സമ്മാനിച്ചത്. പിന്നീട് പാര്‍ട്ടിയില്‍ ആഭ്യന്തര കലഹവും നേതാക്കളുടെ തമ്മിലടിയും മൂര്‍ച്ഛിച്ചതോടെയാണു കുന്ദന്‍ ശര്‍മ തന്റെ കാര്‍ തിരിച്ചു നല്‍കണം എന്നാവശ്യപ്പെട്ടിരിക്കുന്നത്.

കാറിനു പുറമേ പാര്‍ട്ടിക്കു സംഭാവനയായി താനും ഭാര്യയും നല്‍കിയ പണമത്രയും തിരിച്ചു നല്‍കണമെന്നും കുന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്‌ട്. ഡല്‍ഹിയില്‍ നിര്‍ഭയ സംഭവത്തില്‍ ആം ആദ്‌മി പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ താത്‌പര്യം തോന്നിയപ്പോഴാണ് കുന്ദന്‍ കേജ്‌റിവാളിനു കാര്‍ നല്‍കാന്‍ തീരുമാനിച്ചത്. 2013 ജനുവരി ഒന്നിനു കേജ്‌റിവാള്‍ തന്നോടു നേരിട്ടു സംസാരിച്ചുവെന്നും കുന്ദന്‍ പറയുന്നു. തുടര്‍ന്നു ജനുവരി മൂന്നിനാണ് പാര്‍ട്ടിക്കാരനായ ഒരാള്‍ വന്ന് കേജരിവാളിനു വേണ്‌ടി കാര്‍ കൊണ്‌ടു പോയത്.