കെജ്രിവാള്‍ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും; രാഷ്ട്രീയക്കാരും മന്ത്രിമാരുമില്ല;ക്ഷണം ജനങ്ങള്‍ക്ക് മാത്രം

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ നടക്കും. ഇത്തവണത്തെ സത്യപ്രതിജ്ഞ ചടങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ക്ഷണമില്ല. ദില്ലിയിലെ ജനങ്ങള്‍ മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ഉണ്ടാവുക. ഒപ്പം സാധാരണക്കാരുടെ പ്രതിനിധികളായ 50 വിശിഷ്ടാതിഥികള്‍ മന്ത്രിമാര്‍ക്കൊപ്പം വേദി പങ്കിടും.അംഗനവാടി വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ബസ് മാര്‍ഷലുകള്‍, പൊതുഗതാഗത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍, കര്‍ഷകര്‍, ആരോഗ്യ – വിദ്യാഭ്യാസ മേഖലകളില്‍ ഉള്ളവര്‍ തുടങ്ങിയവരുടെ പ്രതിനവിധികളെയാവും വിശിഷ്ടാതിഥികളായി ക്ഷണിക്കുക.

ഡല്‍ഹിയുടെ വികസനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നവരാണ് ഇവരെന്ന് മനീഷ് സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇവരുടെയെല്ലാം പ്രതിനിധികള്‍ വേദിയില്‍ ഉണ്ടാവുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. അധ്യാപകര്‍, സിഗ്നേച്ചര്‍ ബ്രിഡ്ജിന്റെ ആര്‍ക്കിടെക്ടുമാര്‍, ജോലിക്കിടെ മരണമടഞ്ഞ അഗ്നിശമന സേനാംഗങ്ങളുടെ കുടുംബാംഗങ്ങള്‍, ബസ് ഡ്രൈവര്‍മാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, മെട്രോ ഡ്രൈവര്‍മാര്‍, വിദ്യാര്‍ഥികള്‍, മഹിളാ ക്ലിനിക്കുകളിലെ ഡോക്ടര്‍മാര്‍, ബൈക്ക് ആംബുലന്‍സ് റൈഡര്‍മാര്‍,എന്നിവരെയെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാനാണ് നീക്കം.ഞായറാഴ്ച ഡല്‍ഹിയിലെ രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. കെജ്‌രിവാളിനൊപ്പം ആറ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും.നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 ല്‍ 62 സീറ്റുകളും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തുന്നത്. എട്ട് സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.

Loading...

അതേസമയം സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെ അധ്യാപകര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയ നടപടിയെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ബിജെപിക്ക് മറുപടിയുമായി ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി.സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ അധ്യാപകരെ ക്ഷണിച്ചതാണ്,നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് അവരോട് ആജ്ഞാപിച്ചതല്ലെന്ന് എഎപി നേതാവ് ജാസ്മിന്‍ ഷാ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡല്‍ഹിയിലുണ്ടായ പരിവര്‍ത്തനങ്ങളുടെ ശില്‍പികളാണ് ഡല്‍ഹിയിലെ അധ്യാപകരും പ്രിന്‍സിപ്പല്‍മാരും. ഞായറാഴ്ച രാംലീല മൈതാനത്ത് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രത്യേക ക്ഷണം അധ്യാപകര്‍ അര്‍ഹിക്കുന്നുണ്ടെന്നും ജാസ്മിന്‍ ഷാ ട്വിറ്ററിലൂടെ പറഞ്ഞു.

സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുള്ള ഈ നടപടി എഎപി നേതൃത്വം പിന്‍വലിക്കണമെന്ന് ഡല്‍ഹി മുന്‍ ബിജെപി അധ്യക്ഷന്‍ വിജേന്ദര്‍ ഗുപ്ത ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് ജാസ്മിന്‍ ഷാ ഇക്കാര്യങ്ങള്‍ ട്വിറ്ററിലൂടെ വിശദീകരിച്ചത്. ഡല്‍ഹിയുടെ വികസനത്തിന് ചുക്കാന്‍പിടിച്ചവരെയെല്ലാം കെജരിവാള്‍ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് മുതിര്‍ന്ന എഎപി നേതാവ് മനീഷ് സിസോദിയയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ചടങ്ങിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന അധ്യാപകരെ സ്വാഗതം ചെയ്യുന്നതായും വരാന്‍ സാധിച്ചില്ലെങ്കില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തിരുന്നു.