കേന്ദ്രത്തിന്റെ കാര്‍ഷിക ബില്‍;ശക്തമായ പ്രതിഷേധവുമായി മുന്നോട്ടെന്ന് കേരളം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. സമാന നിലപാടുള്ള സംസ്ഥാനങ്ങളുമായി യോജിച്ച് പ്രതിഷേധം രേഖപ്പെടുത്തും. കാര്‍ഷിക ബില്ലിനു ബദലായി കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തും. ബില്ലിനെ നിയമപരമായി നേരിടാനുള്ള വഴികള്‍ തേടുമെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.

പുതിയ കാര്‍ഷിക ബില്‍ നിലവില്‍ വന്നാല്‍ ഉത്പന്നങ്ങളുടെ വിതരണത്തിലും സംഭരണത്തിലും ഗവണ്‍മെന്റിനുണ്ടായിരുന്ന നിയന്ത്രണം പൂര്‍ണമായും നഷ്ടമാവും. കേന്ദ്രം പാസാക്കാനൊരുങ്ങുന്ന മൂന്ന് ബില്ലുകളും രാജ്യത്തിന് പുറത്തുള്ള കുത്തക ഭീമന്‍ മാരെ സഹായിക്കുന്നതിനുള്ള നിയമങ്ങളാണെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ വ്യക്തമാക്കി.സംസ്ഥാനങ്ങളോട് ആലോചിക്കാതെയാണ് കേന്ദ്രം കാര്‍ഷിക ഭേദഗതി ബില്ല് പാസാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ബില്ലിനെതിരെ ശക്തമായ നടപടികളാണ് സംസ്ഥാനം സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. വിഷയത്തില്‍ സമാന നിലപാടുള്ള സംസ്ഥാനങ്ങളുടെ ഒപ്പം ചേര്‍ന്ന് പ്രതിഷേധം ഉയര്‍ത്തും. സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തി ബില്ലിനു ബദലായ നടപടികളുമായി മുന്നോട്ട് പോകും. ബില്ലിനെതിരെ സ്വീകരിക്കേണ്ട നടപടികളെ പറ്റി പഠിക്കാന്‍ പ്ലാനിങ് ബോര്‍ഡിനെ നിയോഗിച്ചുകഴിഞ്ഞു. ബില്ലിനെ നിയമപരമായി നേരിടാനുള്ള നടപടികളെക്കുറിച്ചും സംസ്ഥാനം ആലോചിക്കുന്നുണ്ട്.

Loading...