ഉപതിരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം; നാളെ രാവിലെ എട്ടരയോടെ ആദ്യ ഫലസൂചനകള്‍

അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടുമണിയോടെ ആരംഭിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മൂന്നു മുന്നണികള്‍ക്കും തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്.

രാവിലെ എട്ട് മണിയോടെ വരണാധികാരിയുടെ സാന്നിധ്യത്തില്‍ സീല്‍ പൊട്ടിച്ച് സ്‌ട്രോംഗ് റൂമുകള്‍ തുറന്ന് യന്ത്രങ്ങളും വി.വി പാറ്റും കൌണ്ടിങ് ടേബിളുകളിലേക്ക് മാറ്റും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ കൌണ്ടിങ് ടേബിളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാകും യന്ത്രങ്ങളും പുറത്തെടുക്കുക. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ ശേഷം ഇ.വി.എമ്മുകളിലേക്ക് കടക്കും. ഓരോ മണ്ഡലത്തിലെയും ബൂത്തെണ്ണം അനുസരിച്ച് റൌണ്ടുകളുടെ എണ്ണം വ്യത്യാസപ്പെടും.

Loading...

വട്ടിയൂര്‍ക്കാവ് 12, അരൂരില്‍ 14, കോന്നിയില്‍ 16, മഞ്ചേശ്വരത്ത് 17, എറണാകുളത്ത് 10 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. എട്ടരയോടെ ആദ്യഫലസൂചനകള്‍ പുറത്തുവരും. മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നതിനാല്‍ അന്തിമ ഫലത്തിന് അവസാന റൌണ്ടുകള്‍ വരെ കാത്തിരിക്കേണ്ടി വരും. നറുക്കിട്ടെടുക്കുന്ന അഞ്ചു ബൂത്തുകളിലെ വി.വി പാറ്റ് സ്ലിപ്പുകള്‍ കൂടി എണ്ണിക്കഴിഞ്ഞിട്ടേ അന്തിമഫലം ഒദ്യോഗികമായി പുറത്തുവിടൂ. സ്‌ട്രോങ് റൂമുകള്‍ക്ക് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്

തെരഞ്ഞെടുപ്പില്‍ അരൂരില്‍ 80.47 ശതമാനമാണ് പോളിംഗ്. ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് പോളിംഗ് ശതമാനം 75.58 ആണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 75.88 ഉം 2016ല്‍ 76.19 ശതമാനവുമായിരുന്നു പോളിംഗ്. കോന്നിയില്‍ 70.07 ആണ് പോളിംഗ് ശതമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 74.24 ഉം 2016ല്‍ 73.19 ശതമാനവുമായിരുന്നു പോളിംഗ്. ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ 62.66 ശതമാനം പേര്‍ വോട്ടു ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 69.34 ഉം 2016ല്‍ 69.83 ശതമാനവുമായിരുന്നു പോളിംഗ്.

ഇത്തവണ ഏറ്റവും കുറഞ്ഞ പോളിംഗ് എറണാകുളത്താണ്. കനത്ത മഴ ഇവിടെ പോളിംഗിനെ ബാധിച്ചു എന്നാണ് വിലയിരുത്തല്‍. 57.9ശതമാനം മാത്രമാണ് പോളിംഗ്. 73.29 ശതമാനമായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ പോളിംഗ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 71.6 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയിരുന്നു.