തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 76.20 % പോളിങ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 2010ല്‍ 77.33 ശതമാനവും 2005ല്‍ 61.46 ശതമാനവുമായിരുന്നു പോളിങ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒടുവിലത്തെ കണക്കനുസരിച്ച് വയനാട്ടിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 81.58 % പേരാണ് ഇവിടെ വോട്ടു രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിങ് നടന്നത്. ഇവിടെ 69 % പേര്‍ വോട്ടു രേഖപ്പെടുത്തി. കൊല്ലം (73.67 %), ഇടുക്കി (80.85 %), കോഴിക്കോട് (77.34), കണ്ണൂര്‍ (73.65 %), കാസര്‍കോട് (77.31 %) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിങ് ശതമാനം. കണക്കുകളില്‍ നേരിയ മാറ്റം വരാം.

ഗ്രാമ പഞ്ചായത്തുകളില്‍ 77.03 % പേര്‍ വോട്ടു രേഖപ്പെടുത്തി. നഗരസഭകള്‍ (78. 49 %), കോര്‍പറേഷന്‍ (67.95 %) എന്നിങ്ങനെയാണ് മറ്റു തദ്ദേശസ്ഥാപനങ്ങവളിലെ പോളിങ് നില. കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയത്. 94.84 ശതമാനം വോട്ടര്‍മാരാണ് ഇവിടെ വോട്ടു െചയ്തത്.

Loading...

തെക്കന്‍ ജില്ലകളില്‍ കനത്ത മഴ കാരണം രാവിലെ പോളിങ് മന്ദഗതിയിലാണ് തുടങ്ങിയത്. തിരുവനന്തപുരത്തും കൊല്ലത്തും ഇടുക്കിയിലും ശക്തമായ മഴയുണ്ടായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പിന്റെ ആവേശം തണുത്തില്ല. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, കൊല്ലം, ഇടുക്കി ജില്ലകളിലെ വിവിധ ബൂത്തുകളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ചിലയിടങ്ങളില്‍ സ്ഥാനാര്‍ഥികളേയും ഏജന്റുമാരേയും കൈയേറ്റം ചെയ്തതായും പരാതിയുണ്ട്.

vote-759

രാവിലെ എട്ടു മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് അഞ്ചു വരെയാണ് വോട്ട് രേഖപ്പെടുത്തുന്നതിന് സമയമനുവദിച്ചിരുന്നതെങ്കിലും ചിലയിടങ്ങളില്‍ അഞ്ചു മണിക്കുശേഷവും വോട്ട് രേഖപ്പെടുത്താന്‍ തിരക്ക് അനുഭവപ്പെട്ടു. അഞ്ചു മണിക്ക് മുന്‍പായി ബൂത്തുകളിലെത്തി ടോക്കണ്‍ കൈപ്പറ്റിയവര്‍ക്കെല്ലാം വോട്ട് ചെയ്യുന്നതിന് അവസരം നല്‍കി. ആദ്യ മണിക്കൂറുകളില്‍ വടക്കന്‍ ജില്ലകളിലായിരുന്നു കനത്ത പോളിങ്. എന്നാല്‍ ഉച്ചകഴിഞ്ഞപ്പോഴേക്കും തെക്കന്‍ ജില്ലകളിലും സമാനസ്ഥിതിയായി.

ഏഴു ജില്ലകളിലെ 9220 വാര്‍ഡുകളിലേക്കാണ് ഇന്നു തിരഞ്ഞെടുപ്പ് നടന്നത്. 31, 161 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുണ്ടായിരുന്നത്. അഞ്ചാം തിയതിയാണ് അവശേഷിക്കുന്ന ഏഴു ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ്. ഏഴാം തിയതി ഉച്ചയോടെ ജനവിധിയുടെ ഫലമറിയാം.