തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഹൈക്കമാന്റിന് പരാതി നല്‍കാനൊരുങ്ങി കെ പി സി സി നേതൃത്വം. ഇരുനേതാക്കളും പാര്‍ട്ടി പ്രവര്‍ത്തനത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്നുവെന്നും, ഇരുവരും അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നുമാണ് കെ പി സി സി നേതൃത്വത്തിന്റെ പരാതി.
പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെയാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കഴിഞ്ഞ ദിവസത്തെ യു ഡി എഫ് യോഗം ബഹിഷ്ക്കരിച്ചതെന്നും, തലസ്ഥാനത്ത് ഉണ്ടായിട്ടും മുന്നണിയോഗത്തിന് എത്താതിരുന്നത് മന:പൂര്‍വമാണെന്നുമാണ് വിമര്‍ശനം. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ഇതുവരെ മുന്നണിയിലേക്ക് വലിച്ചിഴച്ചിരുന്നില്ലെന്നും, എന്നാലിപ്പോള്‍ അതും സംഭവിച്ചുവെന്നാണ് കെ പി സി സി നേതൃത്വത്തിന്റെ പരാതി.
നിയമസഭയിലെ പ്രതിപക്ഷത്തിന്റെ മികവാര്‍ന്ന പ്രവര്‍ത്തനത്തിന്റെ യശസ് ഇല്ലാതാക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ശ്രമിക്കുകയാണെന്നും, ഘടക കക്ഷികള്‍ക്കിടയിലും പാര്‍ട്ടി അണികളിലും ഇത് ആശയ കുഴപ്പം ഉണ്ടാക്കുന്നുവെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്റിനെ അറിയിക്കും. പാര്‍ട്ടിയില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിലര്‍ മാദ്ധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്നും ആരോപണമുണ്ട്