കേരളം കോവിഡ് മുക്തമാകുന്നു: തുടർച്ചയായി രണ്ടാം ദിവസവും പുതിയ കൊവിഡ് കേസുകളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും പുതിയ കൊവിഡ് കേസുകളില്ല. കൊവിഡ് ചികിത്സയിലുള്ള 61 പേർക്ക് രോഗം ഭേദമായി. ഇതോടെ ഇനി 34 പേർ മാത്രമാണ് കേരളത്തിൽ ഇനി ചികിത്സയിൽ ബാക്കിയുള്ളൂ. ഇതുവരെ 499 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 95 പേരായിരുന്നു ചികിത്സയിൽ. 61 പേർ ഇന്ന് നെഗറ്റീവായതോടെ ആശുപത്രി വിടും. അതോടെ ആശുപത്രിയിൽ തുടരുന്നവരുടെ എണ്ണം 34 ആയി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

21724 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 21352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലുമാണ്. ഇതുവരെ 33010 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 32315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 2431 സാമ്പിളുകൾ ശേഖരിച്ചു. 1846 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 84 ഹോട്ട്സ്പോട്ടുകളുണ്ട്. പുതുതായി കൂട്ടിച്ചേർക്കലുകൾ ഉണ്ടായില്ല. 1249 ടെസ്റ്റുകൾ ഇന്ന് നടന്നു. കേരളത്തിൽ രോഗവ്യാപനം പിടിച്ചുനിർത്താനാവുന്നത് എല്ലാവരെയും ആശ്വസിപ്പിക്കുന്നു. എന്നാൽ കേരളീയർ ലോകത്തിന്റെ പല ഭാഗത്തും രോഗത്തിന്റെ പിടിയിലാണ്.

Loading...

കൊവിഡ് ബാധിച്ച് വിവിധ രാജ്യങ്ങളിൽ 80ലധികം മലയാളികൾ മരിച്ചു. മറ്റ് സംസ്ഥാനങ്ങളിലും സഹോദരങ്ങളെ ഈ രോഗം ബാധിച്ചിട്ടുണ്ട്. ഏറ്റവുമധികം വേദനിപ്പിക്കുന്ന അനുഭവമാണിത്. കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ട എല്ലാ കേരളീയരുടെയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ 1,64,263 മലയാളികൾ നോർക്ക വഴി നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്തു. കർണ്ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ. തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ദില്ലി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഹരിയാന, ഗോവ എന്നിവിടങ്ങളിൽ നിന്നെല്ലാം മലയാളികൾ നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്തു. ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ നടപടിയെടുത്തു. 28222 പേരാണ് ഇതുവരെ പാസിന് അപേക്ഷിച്ചത്. 5470 പാസുകൾ വിതരണം ചെയ്തു. ഇന്നു ഉച്ച വരെ 515 പേർ വിവിധ ചെക് പോസ്റ്റുകൾ വഴി കേരളത്തിൽ പ്രവേശിച്ചു. നോർക്ക വഴി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനാ ക്രമത്തിൽ പാസ് നൽകും. അതിർത്തിയിൽ തിരക്കൊഴിവാക്കി ക്രമീകരണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.