സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉണ്ടാകുമെന്ന് മന്ത്രി കെ കെ ഷൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തിന് പുറത്തുനിന്ന് കൂട്ടത്തോടെ ആളുകളെത്തുമ്പോൾ അവരെവിടെ നിന്ന് വരുന്നു എന്നതടക്കമുള്ള കാര്യങ്ങൾ ക്രോഡീകരിക്കാനും മുൻകരുതലെടുക്കാനും ബുദ്ധിമുട്ടുണ്ടാകും. സർക്കാർ സംവിധാനങ്ങളെ അറിയിക്കാതെ സംഘടനകൾ ആളുകളെ കൊണ്ടുവരുന്നത് അപകടകരമാണെന്നും മന്ത്രി വ്യക്തമാക്കി. ക്വാറന്‍റീൻ പാലിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം പ്രതീക്ഷിച്ചതാണ്. നിരീക്ഷണത്തിൽ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങൾ ലംഘിച്ചാൽ വലിയ വില നൽകേണ്ടിവരുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ഓര്‍മ്മിപ്പിച്ചു.

ഹോം ക്വാറന്റീനാണ് സർക്കാർ സംവിധാനത്തേക്കാൾ നല്ലത്. അത് കേന്ദ്രം അംഗീകരിച്ചത് നല്ല കാര്യമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം നേരിടാൻ കേരളം സജ്ജമാണ്. പ്ലാൻ എ , പ്ലാൻ ബി, പ്ലാൻ സി എന്നിങ്ങനെ വിപുലമായ പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം കണ്ണൂരിൽ മറ്റ് രോഗങ്ങൾക്ക് ചികിത്സക്കെത്തിയവരിൽ കൊവിഡ് കണ്ടെത്തിയതിൽ ആശങ്ക. തലയിൽ ചക്ക വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിയ കാസർകോട് സ്വദേശി ഉൾപ്പെടെ നാല് പേർക്കാണ് ഈ രീതിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇത്തരം കേസുകൾ പ്രത്യേകം അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും നിലവിൽ സമൂഹ വ്യാപനത്തിന്റെ സൂചനകളൊന്നുമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Loading...

കണ്ണൂർ ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലുമായി ഇതിനകം ആറ് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. രണ്ടിടത്തും കൊവിഡ് വ്യാപനം ഉണ്ടായതെങ്ങനെയെന്ന അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്. ഉറവിടം കണ്ടെത്താത്ത കേസുകൾ കൂടുന്നത് ആരോഗ്യവകുപ്പിന് വലിയ വെല്ലുവിളി ഉയർത്തുകയാണ്.