സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 55 പേരും കേരളത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കാസർകോട് 14, മലപ്പുറം 14, തൃശ്ശൂർ 9, കൊല്ലം 5, പത്തനംതിട്ട നാല്, തിരുവനന്തപുരം മൂന്ന്, എറമാകുളം മൂന്ന്, ആല്പ്പുഴ രണ്ട്, പാലക്കാട് രണ്ട് ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്.

കോഴിക്കോട് ചികിത്സയിലിരുന്ന സുലേഖ മരിച്ചു. ഇതോടെ കേരളത്തിൽ കൊവിഡ് മരണം പത്തായെന്നും അദ്ദേഹം പറഞ്ഞു. 18 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതുവരെ 1326 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 708 പേർ ഇപ്പോൾ ചികിത്സയിലാണ്. 139661 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.

Loading...

വീടുകളിലും സർക്കാർ കേന്ദ്രങ്ങളിലും 138397 പേർ ഉണ്ട്. 1246 പേർ ആശുപത്രികളിലാണ്. 174 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 68979 സാമ്പിളുകൾ പരിശോധനക്കയച്ചു. 65273 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുൻഗണനാ വിഭാഗത്തിലെ 13470 സാമ്പിളുകൾ ശേഖരിച്ചു. 13037 നെഗറ്റീവാണ്. ആകെ 121 ഹോട്ട്സ്പോട്ടുകൾ ഉണ്ട് ഇപ്പോൾ. പുതുതായി പാലക്കാട് കണ്ണൂർ ജില്ലകളിൽ അഞ്ച് ഹോട്ട്സ്പോട്ടുകൾ. ഒൻപത് മലയാളികൾ വിദേശത്ത് ഇന്ന് മരിച്ചു. 210 പേർ ഇങ്ങനെ ഇതുവരെ മരിച്ചു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും മലയാളികൾ മരിക്കുന്നു. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കാണാനാവാത്ത സ്ഥിതിയാണ്. വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു.

മെയ് നാലിന് ശേഷം ഉണ്ടായ കേസുകളിൽ 90 ശതമാനവും പുറത്ത് നിന്ന് വന്നവരാണ്. മെയ് നാലിന് മുൻപ് അത് 67 ശതമാനമായിരുന്നു. മെയ് 29 ന് ശേഷം ശരാശരി മൂവായിരം ടെസ്റ്റുകൾ നടത്തുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ കർഫ്യുവിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തും. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി ജോലി ചെയ്ത് മടങ്ങുന്ന തൊഴിലാളികൾക്ക് 15 ദിവസ കാലാവധിയുള്ള താത്കാലിക പാസ് നൽകും. 3075 മാസ്ക് ധരിക്കാത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ക്വാറന്റൈൻ ലംഘിച്ച ഏഴ് പേർക്കെതിരെ ഇന്ന് കേസെടുത്തു.

ലോക്ക്ഡൗണിൽ നിന്ന് പുറത്തുകടക്കാനുള്ള നിർഡദ്ദേശം കേന്ദ്രം പുറപ്പെടുവിച്ചു. ചിലകാര്യങ്ങളിൽ നിയന്ത്രണം തുടരാനോ കർക്കശമാക്കാനോ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. രോഗവ്യാപന സ്ഥിതിയനുസരിച്ച് മാറ്റം വരുത്തണം. കേന്ദ്ര നിർദ്ദേശം സംസ്ഥാനം പരിശോധിച്ചു. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂട്ടംകൂടുന്നത് അനുവദിക്കില്ല. രോഗവ്യാപനം തടയണം. സംഘം ചേരൽ അനുവദിച്ചാൽ റിവേഴ്സ് ക്വാറന്റൈൻ പരാജയപ്പെടും. പ്രായമായവർ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് അപകടകരമാകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.