തൃശൂർ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. രോഗം സ്ഥിരീകരിച്ചു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ (43)യാണ് മരിച്ചത്. തൃശ്ശൂർ ജില്ലയിലെ മൂന്നാം കൊറോണ മരണമാണിത്. അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. ഞായറാഴ്ച ഏങ്ങണ്ടിയൂർ സ്വദേശിയായ കുമാരൻ (87) കൊറോണ ബാധിച്ചു മരിച്ചിരുന്നു.
ഞായറാഴ്ച വൈകിട്ട് കൊറോണ സ്ഥിരീകരിച്ചു മണിക്കൂറുകൾക്കുള്ളിലായിരുന്നു മരണം. മുംബൈയിൽ നിന്നെത്തിയ വയോധിക നേരത്തെ തൃശൂർ ജില്ലയിൽ വൈറസ് ബാധിച്ചു മരിച്ചിരുന്നു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ കദീജക്കുട്ടി (68) ആണി മരിച്ചത്.
അതേസമയം തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം പുതിയതായി രോഗം സ്ഥിരീകരിച്ചത് ആകെ 26 പേർക്കാണ്. ഒരു കുടുംബത്തിലെ ഏഴ് പേർക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ എങ്ങനെയാണ് രോഗബാധിതരായത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ ദിവസവും ഇരിങ്ങാലക്കുടയിലെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ ആദ്യ പോസിറ്റീവ് കേസ് സ്ഥിരീകരിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന പോസിറ്റീവ് കേസുകൾ ഇന്നാണ്. വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും തിരികെ എത്തിയവരാണു 23 പേർ.