സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ആലുവ സ്വദേശി

കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലുവ എടയപ്പുറം മല്ലിശ്ശേരി എം പി അഷ്‌റഫ്‌ ആണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും 29 തിയതിയാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. 53 വയസായിരുന്നു. പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. ഇതോടെ എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

സംസ്ഥാനത്ത് ആകെ 73 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ ഇന്നലെ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ സ്വദേശിനി ചക്കിയാട്ടിൽ ഏലിയാമ്മയാണ് മരണപ്പെട്ടത്. 85 വയസായിരുന്നു. ഈ മാസം 23നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Loading...

അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിൽ കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം. പത്തൊൻപത് വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ഇവിടെ നിയന്ത്രണം കർശനമാക്കും. വടക്കാഞ്ചേരി (21), കുഴൂർ (1, 2, 3, 4, 5, 13), കടവല്ലൂർ (12), അളഗപ്പനഗർ (13), വേളൂക്കര (2, 14), വെള്ളാങ്കല്ലൂർ (18,19 ), പോർക്കുളം (6,7 ), തൃശൂർ കോർപറേഷൻ (8), പഴയന്നൂർ (1), വരന്തരപ്പിള്ളി (1, 22) എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇവിടെ പൊലീസ് പരിശോധന കർശനമാക്കും. തൃശൂരിൽ ഇന്നലെ 83 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ആകെ 437 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആകെ 1,397 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.