സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് കോഴിക്കോട് സ്വദേശി

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടിയാണ് മരിച്ചത്. 70 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. മെഡിക്കല്‍ കോളജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. തുടര്‍ന്ന് ചികില്‍സ നടക്കുന്നതിനിടെ ഇന്നുപുലര്‍ച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു. കോഴിക്കോട്ട് മൂന്നുദിവസത്തിനിടെ നാലാമത്തെ കോവിഡ് മരണമാണിത്.

മരക്കാര്‍കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. അതേസമയം സംസ്ഥാനത്തെ സമ്പർക്ക രോ​ഗികളുടെ എണ്ണത്തിൽ ​ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

Loading...

കഴിഞ്ഞ ദിവസം 991 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 363 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 113 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 110 പേര്‍ക്കും, എറണാകുളം ജില്ലയിലെ 79 പേര്‍ക്കും, കോട്ടയം ജില്ലയിലെ 70 പേര്‍ക്കും, കൊല്ലം ജില്ലയിലെ 51 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 40 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 39 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 36 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 24 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 23 പേര്‍ക്കും, പത്തനംതിട്ട, വയനാട് ജില്ലകളിലെ 18 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയിലെ 7 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.