സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്തത് പത്തനംതിട്ടയിൽ: മൂന്ന് ഹോട്ട് സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത് പത്തനംതിട്ടയിൽ. ജില്ലയിൽ 27 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടു പിന്നിൽ മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 24 പേർക്കാണ് രോഗം കണ്ടെത്തിയത്. പാലക്കാട് ജില്ലയിൽ 18 പേർക്കും, ആലപ്പുഴ ജില്ലയിൽ 16 പേർക്കും രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 9 പേർക്ക് വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിൽ 8 പേർക്കും, കോഴിക്കോട് ജില്ലയിൽ 7 പേർക്കും, കാസർഗോഡ് ജില്ലയിൽ 5 പേർക്കും, വയനാട് ജില്ലയിൽ ഒരാൾക്കും രോഗം കണ്ടെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 106 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 40 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിൽ 5 പേർക്കും തിരുവനന്തപുരം, എറണാകുളം ജില്ലയിൽ 4 പേർക്ക് വീതവും കോട്ടയം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് 202 പേർ കൊവിഡ് മുക്തരായി. നിലവിൽ 2088 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2638 പേർ രോഗമുക്തരായി.

Loading...

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മൂന്ന് പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡുകള്‍: 3, 26, 31), കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോര്‍പ്പറേഷന്‍ (56, 62, 66), ഒളവണ്ണ (9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇന്ന് മൂന്ന് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ (എല്ലാ വാര്‍ഡുകളും), കീഴല്ലൂര്‍ (4 സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ ആനക്കര (13) എന്നിവയെയാണ് കണ്ടെയ്‌മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. സംസ്ഥാനത്ത് നിലവില്‍ 123 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.