കോവിഡ് മരണം; എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പിന്റെയും ഇൻഫർമേഷൻ കേരള മിഷൻറെയും കണക്കുകളിൽ വൈരുദ്ധ്യം

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് മരണക്കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിട്ടതിലും ഇൻഫർമേഷൻ കേരള മിഷൻ ക്രോഡീകരിച്ചതിലും വൈരുധ്യം. ഇൻഫർമേഷൻ കേരള മിഷൻറെ കണക്കുകൾ പന്ത്രണ്ടുജില്ലകളിലും ആരോഗ്യവകുപ്പിന്റെ കണക്കിനേക്കാൾ കൂടുതലാണ്. വയനാടും കാസർകോടും ആരോഗ്യവകുപ്പ് പുറത്തിറക്കിയ കണക്കുകളിൽ കൂടുതൽ മരണസംഖ്യയുണ്ട്. നേരത്തെ മരണക്കണക്കിൽ പ്രത്യേക പരാതികൾ ലഭിച്ചാൽ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് വ്യക്തമാക്കിയിരുന്നു.

ഇൻഫർമേഷൻ കേരള മിഷനിൽനിന്ന് അഡ്വ. പ്രാണകുമാറിന് വിവരാവകാശ രേഖപ്രകാരം ലഭിച്ച കണക്കിൽ തിങ്കളാഴ്ചവരെയുള്ള 7316 മരണങ്ങളാണ് ആരോഗ്യവകുപ്പിന്റെ കണക്കിൽ ഇല്ലാത്തത്. അതേസമയം, പതിനായിരത്തിനും പതിമൂവായിരത്തിനുമിടയിൽ വ്യത്യാസമുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിദഗ്ധസമതി നടത്തിയ പുനഃപരിശോധനയിൽ കണ്ടെത്തിയിട്ടുള്ളതെന്നാണ്‌ അധികൃതർ നൽകുന്ന സൂചന. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ എത്ര പരാതികൾ ലഭിച്ചെന്നതും ആരോഗ്യവകുപ്പ് രഹസ്യമായി സൂക്ഷിക്കുകയാണ്. കണക്കിലെ പൊരുത്തക്കേടുകൾ എങ്ങനെ പരിഹരിക്കുമെന്നത് അധികൃതർ ഇനിയും വ്യക്തമാക്കിയിട്ടില്ല.

Loading...

ചൊവ്വാഴ്ച വരെ 16,326 പേർ മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എന്നാൽ, 23,486 പേർ മരിച്ചെന്നാണ് പ്രതിപക്ഷം പുറത്തുവിട്ട കണക്ക്. മരണക്കണക്ക് സർക്കാർ പൂഴ്ത്തിവെക്കുകയാണെന്നും കണക്കുകൾ മറച്ചുപിടിച്ചാൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആനുകൂല്യം ലഭിക്കില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നു. ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.