വിവാഹത്തിന് 50ഉം, മരണാനന്തര ചടങ്ങുകൾക്ക് 20 പേരും എന്ന തീരുമാനം കർശനമാക്കും: കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ ഇനി മുതൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 രോഗം വലിയ തോതിലേക്കുള്ള വ്യാപനത്തിലേക്ക് പോകുമെന്ന് ആശങ്കയുണ്ടെന്നും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയല്ലാതെ വഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കടകളിൽ സാമൂഹ്യ അകലം പാലിച്ചില്ലായെങ്കിൽ കടയുടമകൾക്ക് എതിരെ നടപടിഎടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവാഹത്തിന് 50ഉം, മരണാനന്തര ചടങ്ങുകൾക്ക് 20 പേരും എന്ന തീരുമാനം കർശനമാക്കും. നിലവിലുള്ള രോഗ പ്രതിരോധ സംവിധാനങ്ങൾ നിരീക്ഷിക്കാൻ സർക്കാർ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തും

സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിച്ചതിന് ആനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. മരണങ്ങള്‍ ഒഴിവാക്കാന്‍ രോഗ വ്യാപനം ഒഴിവാക്കണം. അതുകൊണ്ട് രോഗവ്യാപനം തടയാന്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇപ്പോഴും മാസ്ക് ഇടാതെ നടക്കുന്നവരുണ്ട്. മാസ്ക് ധരിക്കാത്തതിനുള്ള പിഴ വര്‍ധിപ്പിക്കേണ്ടിവരും. കല്യാണത്തിന് 50 പേരാണ് സാധാരണ കൂടാറുള്ളത്, ശവദാഹത്തിന് 20 പേര് എന്നും കണക്കാക്കിയിരുന്നു. ഇത് അതേ നിലയില്‍ തന്നെ നടപ്പാക്കണം. ആളുകളുടെ എണ്ണത്തില്‍ കര്‍ശന നിയന്ത്രണം വേണം. ആള്‍ക്കൂട്ടമാണ് കൊവിഡ് വ്യാപനത്തിന്‍റെ പ്രധാന കാരണം.

Loading...

കുറഞ്ഞ ദിവസത്തിനിടയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായത്. വ്യാപനം തടഞ്ഞ് നിര്‍‌ത്തല്‍ പ്രധാനമാണ്. കേരളത്തിന്‍റെ അന്തരീക്ഷം മാറിയത് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതില്‍ തിരിച്ചടിയായി. പൊലീസിന് ക്രമസമാധാനപാലനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ വേണ്ടി വന്നു. ഇനി കാത്ത് നില്‍ക്കാന്‍ സമയമില്ല. കൊവിഡ് നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പിണറായി പറഞ്ഞു.