സംസ്ഥാനത്ത് ഇന്ന് 1167പേർക്ക് കോവിഡ്; 4 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 679 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. 812 പേ‍‌ർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 55 പേർക്ക് ഉറവിടം അറിയില്ല. വിദേശത്തുനിന്നെത്തിയ 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 96 പേര്‍ക്കും രോഗംബാധിച്ചു. രോഗബാധിതരിൽ 33 ആരോഗ്യ പ്രവർത്തകരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോവിഡ് രോഗം വ്യാപിച്ച ശേഷം കേരളത്തില്‍ ഏറ്റവും അധികം പോസ്റ്റീവായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇന്നാണ്‌.

നാല് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം സ്വദേശി അബൂബക്കര്‍ (72), കാസര്‍കോട് സ്വദേശി അബ്ദുറഹിമാന്‍(70), ആലപ്പുഴ സ്വദേശി സൈനുദ്ദീന്‍(65), തിരുവനന്തപുരത്ത് സെല്‍വമണി(65) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വലിയ രീതിയിൽ തലസ്ഥാനത്ത് പടർന്നിട്ടുണ്ട്. ഇന്ന് മേനംകുളം കിൻഫ്രാ പാർക്കിൽ 300 പേ‍രെ പരിശോധിച്ചതിൽ 88 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പൊതു സ്ഥിതി എടുത്താൽ 12 പേരെ ടെസ്റ്റ് ചെയ്യുമ്പോഴാണ് ഒരാൾ പോസിറ്റീവാകുന്നത്. കേരളത്തിൽ ഇത് 36-ൽ ഒന്ന് എന്ന നിലയ്ക്കാണ്. എന്നാൽ തിരുവനന്തപുരത്ത് ഇത് 18-ൽ ഒന്ന് എന്ന നിലയ്ക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Loading...

രോഗബാധിതരെ മൊത്തം കണ്ടെത്താനുള്ള സർവൈലൻസാണ് നടത്തുന്നത്. ക്ലസ്റ്റർ രൂപപ്പെട്ടത് ആദ്യം ശ്രദ്ധയിൽപെട്ടത് ഈ മാസം ആദ്യം, അഞ്ചാം തീയതി പൂന്തുറയിലാണ്. ബീമാപ്പള്ളി – പുല്ലുവിള മേഖലകളിൽ 15-ാം തീയതിയോടെ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. ഡബ്ല്യുഎച്ച്ഒ മാർഗരേഖയുടെ മാതൃകയിലാണ് രോഗനിയന്ത്രണപ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു

രോഗികളുടെ ജില്ലതിരിച്ചുള്ള കണക്ക്-

തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂര്‍ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോട് 38, ഇടുക്കി 7.

നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്-

തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂര്‍ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂര്‍ 15, കാസര്‍കോട് 36.