ജീവനെടുത്ത് കൊവിഡ്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് വടകര പതിയാക്കര സ്വദേശി ചന്ദ്രി (65) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ കോഴിക്കോട് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് മരണമാണിത്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയും ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്‍തീന്‍ (75) ആണ് മരിച്ചത്. ഹൃദ്രോഗബാധിതന്‍ കൂടിയായിരുന്നു മരിച്ച മൊയ്‍തീന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കൊടുവള്ളി സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത് ഇന്നാണ്. കൊടുവള്ളി പെരിയാംതോട് കുന്നുമ്മല്‍ അബ്ദുല്‍ റസ്സാഖിന്‍റെ മകന്‍ സാബിതാണ് കഴിഞ്ഞ ദിവസം മരിച്ചത്. 27 വയസായിരുന്നു. മൂന്ന് മാസത്തോളമായി ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു സാബിത്. തിങ്കളാഴ്ച രാവിലെയായിരുന്നു ഇദ്ദേഹത്തിന്‍റെ മരണം. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം എത്തി കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കൊടുവള്ളി മഹല്ല് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കാരം നടത്തി.

Loading...

അതേസമയം സംസ്ഥാനത്ത് ഇന്ന് 1195 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1234 പേർ രോഗമുക്തി നേടി. രോഗം ബാധിച്ച 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇതിൽ 79 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് ഏഴ് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്ന് വന്ന 66 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 125 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. 13 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.