സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 814 പേർ ഇന്ന് രോഗമുക്തി നേടി. 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 73 പേർ. വിദേശത്ത് നിന്ന് 77, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 94. ആരോഗ്യപ്രവർത്തകർ 18. അഞ്ച് മരണം ഇന്ന് റിപ്പോർട്ട് ചെയ്തു. അഞ്ച് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മാമ്പുറം ഇമ്പിച്ചിക്കോയ ഹാജി, കൂടാളിയിലെ സജിത്ത്, ഉച്ചകട സ്വദേശി ഗോപകുമാർ, എറണാകുളത്തെ പിജി ബാബു, ആലപ്പുഴ സുധീർ എന്നിവരാണ് മരിച്ചത്. നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു. അഞ്ച് ജില്ലകളിൽ നൂറിലേറെ രോഗികളുണ്ട്. തിരുവനന്തപുരം 289, കാസർകോട് 168, കോഴിക്കോട് 149, മലപ്പുറം 142,പാലക്കാട് 123. തിരുവനന്തപുരത്ത് 150 പേർക്ക് രോഗമുക്തി. 27608 സാമ്പിൾ 24 മണിക്കൂറിനിടെ പരിശോധിച്ചു.

മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത് ഇങ്ങനെ

Loading...

മൂന്നാർ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലാണ് ഈ കാലവർത്തെ സംസ്ഥാനത്തെ ദുഖത്തിലാക്കിയത്. 30 മുറികളുള്ള നാല് ലയങ്ങൾ പൂർണ്ണമായി ഇല്ലാതായി. ആകെ 80ലേറെ പേർ താമസിച്ചിരുന്നു.ഇതിൽ 15 പേരെ രക്ഷിച്ചു. 15 പേർ മരിച്ചു. മറ്റുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു. മരിച്ചവർ ഗാന്ധിരാജ്, ശിവകാമി, വിശാൽ, മുരുകൻ, രാമലക്ഷ്മി, മയിൽസാമി, കണ്ണൻ, അണ്ണാദുരൈ, രാജേശ്വരി, കൗസല്യ, തപസിയമ്മാൾ, സിന്ധു, നിതീഷ്, പനീർശെൽവം, ഗണേശൻ. ഇവരുടെ നിര്യാണത്തിൽ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം ആശ്വാസ ധനം നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കും.

രാജമലയിൽ വൈദ്യുതിയും വാർത്താ വിനിമയ ബന്ധവും തടസപ്പെട്ടത് ദുരന്തം അറിയാൻ വൈകി. പാലം ഒലിച്ചുപോയത് രക്ഷാപ്രവർത്തകൻ എത്താൻ വൈകി. രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തുന്നുണ്ട്. കനത്ത മഴ മുന്നിൽ കണ്ട് ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റിനെ ഇടുക്കിയിൽ നിയോഗിച്ചു. വാഗമണ്ണിൽ കാർ ഒലിച്ചുപോയ സ്ഥലത്ത് എൻഡിആർഎഫ് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. രാവിലെയാണ് ഇവരെ രാജമലയിലേക്ക് അയച്ചത്. ഫയർഫോഴ്സ് പരിശീലനം നേടിയ 50 അംഗ ടീമിനെ എറണാകുളത്ത് നിന്ന് നിയോഗിച്ചു. ആകാശമാർഗം രക്ഷാ പ്രവർത്തനത്തിന് സാധ്യത തേടിയിരുന്നു. വ്യോമസേനയുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റർ സേവനം തേടി. മോശം കാലാവസ്ഥ തിരിച്ചടിയായി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനെ നിയമിച്ചു. മൃതദേഹം കൈമാറുന്നതിന് ക്രൈം ബ്രാഞ്ച് എസ്പി സുദർശനെ നിയോഗിച്ചു.