സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 880 പേര്‍ രോഗമുക്തി നേടി. അഞ്ച് കൊവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. കാസ‍ർഗോസ് സ്വദേശി ഷംസുദീൻ 53, തിരുവനന്തപുരം സ്വദേശി കനകരാജ് 50, എറണാകുളം സ്വദേശി മറിയംകുട്ടി 77, കോട്ടയം കാരപ്പുഴ സ്വദേശി ടിപി ദാസപ്പൻ, കാസ‍ർകോഡ് സ്വദേശി ആദംകുഞ്ഞ്, ഇടുക്കി സ്വദേശി അജിതൻ 55 എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 45 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരില്‍ 51 പേർ വിദേശത്ത് നിന്നും 64 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 22 ആരോ​ഗ്യപ്രവ‍ർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 28664 പരിശോധനകൾ നടത്തി. <strong>പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 266, മലപ്പുറം 261 ,‌ എറണാകുളം 121, ആലപ്പുഴ 118, കോഴിക്കോട് 93, പാലക്കാട് 81, കോട്ടയം 76, കാസ‍ർകോട് 68, ഇടുക്കി 42, കണ്ണൂര്‍ 31, പത്തനംതിട്ട 19, തൃശ്ശൂ‍ർ 19, വയനാട് 12, കൊല്ലം 5.

Loading...

തിരുവനന്തപുരത്ത് തീരദേശമേഖലകളിൽ രോ​ഗം കുറയുന്ന പശ്ചാത്തലത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. അവശ്യഭക്ഷ്യവസ്തുകൾ വിൽക്കുന്ന എല്ലാ കടകൾക്കും രാവിലെ ഏഴ് മുതൽ മൂന്ന് വരെ പ്രവർത്തിക്കാം. ആലുവയിൽ രോ​ഗവ്യാപനം കുറഞ്ഞു വരുന്നു എന്നാൽ പശ്ചിമ കൊച്ചിയിൽ ആശങ്ക തുടരുന്നു. ചെല്ലാനത്തും കൂടുതൽ കേസുകൾ റിപ്പോ‍ർട്ട് ചെയ്യുന്നു. ഉരുൾപൊട്ടൽ ഉണ്ടായ മേപ്പാടി മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം നടത്തിയവരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് രാക്ഷാപ്രവർത്തനം നടത്തിയവരോട് ക്വാറന്‍റീനില്‍ പോകാൻ നിര്‍ദ്ദേശിച്ചു.

കൊവിഡ് പ്രതിരോധത്തിനുള്ള നൂതന മാർ​ഗങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നു. ജനമൈത്രി പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ഓൺലൈൻ പരിശീലനം നൽകും. കുടുംബാം​ഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ വനിതകളുടെ സഹായം കൂടി ലഭ്യമാക്കുന്നു. മത്സ്യവിപണനകേന്ദ്രങ്ങൾ, മൊത്തവിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും മറ്റിടങ്ങളിലേക്ക് വിൽപ്പനയ്ക്ക് പോകുന്ന സ്ത്രീകളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ഫലം നെ​ഗറ്റീവായവർ മാത്രമേ വിൽപ്പനയ്ക്ക് പോകാവു. കൊവി‍ഡ് പ്രതിരോധത്തിനായി അതിനൂതന വിദ്യകൾ പരീക്ഷിക്കുന്നുണ്ട്. ഇതിന്‍റെ ഭാ​ഗമായുള്ള കോണ്ടാക്ട് ട്രേസിം​ഗിനായാണ് കൊവിഡ് രോ​ഗികളുടെ കോൾ വിവരങ്ങൾ ശേഖരിക്കുന്നത്. ഈ വിവരങ്ങൾ എവിടെയും കൊടുക്കില്ല എവിടെയും പങ്കുവയ്ക്കില്ല. ഇക്കാര്യത്തിൽ അനാവശ്യആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേഴളനത്തിൽ വ്യക്തമാക്കി.