വൈറസിന്റെ ജനിതക ഘടനയിൽ വന്ന 2 മാറ്റങ്ങളാണ് കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കാൻ കാരണം

ന്യൂഡൽ‍ഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓ​ഗസ്റ്റോടുകൂടി വൈറസ് വ്യാപനം അൻപതിനായിരത്തിലെന്നുമെന്നാണ് വിദ​ഗ്ദരുടെ വിലയിരുത്തൽ. ഇപ്പോൾ വൈറസിന്റെ ഘടനയിൽ ജനിതകമാറ്റം വന്നുവെന്നാണ് ​ഗവേഷകർ പറയുന്നത്. ഇപ്പോഴുള്ള വൈറസിന്റെ വ്യാപനം തടയണമെങ്കിൽ, വൈറസ് വന്ന വഴികൾ മനസ്സിലാക്കാനും സമ്പർക്കം കണ്ടെത്താനും നടപടികൾ വേണമെന്നാണ് ഗവേഷകർ നിർദേശിക്കുന്നത്. വൈറസിന്റെ ജനിതക ഘടനയിൽ വന്ന 2 മാറ്റങ്ങളാണ് കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കാൻ കാരണമെന്ന് ജനിതക ശ്രേണീകരണത്തിലൂടെയുള്ള പഠനം വ്യക്തമാക്കുന്നു.

കോഴിക്കോട് മെഡിക്കൽ കോളജ്, സിഎസ്ഐആറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമികസ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി), അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നവേറ്റീവ് റിസർച് എന്നിവ സംയുക്തമായി നടത്തിയതാണ് ഗവേഷണം. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ ഐജിഐബിയുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് ഇന്ത്യയിലെ കൊറോണ വൈറസിന്റെ പ്രബലഗണം (ഐ/എ3ഐ) കണ്ടെത്തിയത്. വ്യാപനത്തിന്റെ തോതും മരണനിരക്കുമായി ബന്ധിപ്പിക്കാനാവില്ലെന്നും പഠനം വിലയിരുത്തുന്നു.

Loading...

കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നു ശേഖരിച്ച കൊറോണ വൈറസ് സാംപിളുകളിൽ 99.4 ശതമാനത്തിൽ കണ്ടെത്തിയ ജനിതക മാറ്റത്തെ ഡി614ജി എന്നാണ് വിളിക്കുന്നത്. എൽ5എഫ് എന്നു പേരിട്ടിരിക്കുന്ന മറ്റൊരു മാറ്റവും പ്രകടമായ രീതിയിൽ വ്യക്തമായി. കൊറോണ വൈറസുകളിലെ യൂറോപ്യൻ ഗണമെന്നു വിശേഷിപ്പിക്കപ്പെടുന്ന എ2എ ആണ് കേരളത്തിലുള്ളതെന്നാണ് കോഴിക്കോട്ടു നിന്നുള്ള സാംപിളുകളിൽ വ്യക്തമായത്. എ2എ ഗണം വൈറസിനെ നിർവചിക്കുന്ന ജനിതകമാറ്റം സംഭവിക്കുന്നത് എസ് (സ്പൈക്) പ്രോട്ടീനിലാണ് (മാംസ്യം). ജനിതക ഘടനയിൽ അമിനോ അമ്ല കണ്ണികളുടെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പേരിടൽ.

സ്പൈക് പ്രോട്ടീൻ, മനുഷ്യശരീരത്തിലെ പ്രോട്ടീനുകളെയാണ് വൈറസിനു കയറിപ്പിടിക്കാനുള്ള തലമായി ഉപയോഗിക്കുന്നത്. ഈ പിടത്തത്തിന്റെ ശേഷി വർധിപ്പിക്കുന്നതാണ് കേരളത്തിൽ കണ്ടെത്തിയ 2 ജനിതക മാറ്റങ്ങളും. അതുകൊണ്ടാണ്, ഈ മാറ്റങ്ങൾ വൈറസ് വ്യാപനം വർധിക്കാൻ കാരണമാകുമെന്നു വിലയിരുത്തുന്നത്. നിലവിൽ കോഴിക്കോട്ടു നിന്നു ശേഖരിച്ച സാംപിളുകൾ വടക്കൻ കേരളത്തിലെ കോവിഡ് ബാധിതരുടേതാണ്. ഇതിൽ നിന്നുമാത്രമാണ് ഇങ്ങനെ ഒരു നി​ഗമനത്തിൽ ​ഗവേഷർ എത്തിയിരിക്കുന്നത്. എല്ലാ ജില്ലകളിൽ നിന്നും സാംപിൾ ശേഖരിച്ച് ശ്രേണീകരണം നടത്തിയാൽ മാത്രമേ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള ഒരുചിത്രം ലഭിക്കുകയുള്ളൂവെന്നാണ് ​ഗവേഷകരുടെ അഭിപ്രായം.