സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്. 10 പേരുടെ ഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. പാലക്കാട് 29, കണ്ണൂർ 8, കോട്ടയം ആറ്, മലപ്പുറം എറണാകുളം അഞ്ച് വീതം, തൃശ്ശൂർ കൊല്ലം നാല് വീതം, കാസർകോട് ആലപ്പുഴ മൂന്ന് വീതവും പോസിറ്റീവ് ആയി. 27 പേർ വിദേശത്ത് നിന്ന് വന്നു. തമിഴ്നാട് 9, മഹാരാഷ്ട്ര 15, ഗുജറാത്ത് 5, കർണാടക 2, പോണ്ടിച്ചേരി, ദില്ലി ഒന്ന് വീതം. സമ്പർക്കം മൂലം ഏഴ് പേർക്കും രോഗം പിടിപെട്ടു.

963 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 415 പേർ ചികിത്സയിൽ. നിരീക്ഷണത്തിലുള്ളത് 104333 പേർ. 103528 പേർ വീടുകളിലോ സർക്കാർ കേന്ദ്രങ്ങളിലോ ആണ്. 808 പേർ ആശുപത്രികളിൽ. ഇന്ന് 186 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 56704 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 54836 എണ്ണത്തിൽ രോഗബാധയില്ല. ഇതുവരെ മുൻഗണനാ വിഭാഗത്തിലെ 8599 സാമ്പിളുകൾ ശേഖരിച്ചതിൽ 8174 എണ്ണം നെഗറ്റീവാണ്. 68 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോൾ സംസ്ഥാനത്താകെ ഉള്ളത്. ഇന്ന് പുതുതായി ഒൻപത് സ്ഥലങ്ങൾ കൂടി ഹോട്ട്സ്പോട്ടുകളായി. കണ്ണൂരിൽ രണ്ടും കാസർകോട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം ഒന്ന് വീതവും.

Loading...

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ധാരാളം സഹോദരങ്ങൾ വരാൻ തുടങ്ങിയതോടെ കേരളം കൊവിഡ് പ്രതിരോധത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ നടപടികൾ വിശദീകരിക്കാനും ജനപ്രതിനിധികളുടെ സഹകരണത്തിനും എംപിമാരോടും എംഎൽഎമാരോടും വീഡിയോ കോൺഫറൻസ് നടത്തി. സർക്കാർ നടപടികൾക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും പിന്തുണ അറിയിച്ചു. മഹാമാരി നേരിടാൻ കേരളം തുടർന്നും ഒറ്റക്കെട്ടായി പോകണമെന്ന വികാരം എല്ലാവരും പങ്കുവച്ചു. ജാഗ്രത ശക്തിപ്പെടുത്താനുള്ള നിർദ്ദേശവും ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർ പങ്കെടുത്തു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാർഡ്തല കമ്മിറ്റികൾ പ്രവർത്തിക്കുന്നു. വാർഡ് തല സമിതിക്ക് മുകളിൽ പഞ്ചായത്ത് തല കമ്മിറ്റികളുണ്ട്. ഇവരുടെ പ്രവർത്തനത്തിന് പിന്തുണ ജനപ്രതിനിധികളോട് തേടി.വിദേശത്ത് നിന്ന് വരുന്നവർക്കായി കൂടുതൽ വിമാനം കേന്ദ്രം ഏഡർപ്പെടുത്തുന്നുണ്ട്. മുൻഗണനാ വിഭാഗത്തിലുള്ളവരെ ആദ്യം പരിഗണിക്കണം. കൊവിഡ് തീവ്രമായ സ്ഥലങ്ങളിൽ നിന്ന് വരുന്നവരുടെ കാര്യത്തിൽ പ്രത്യേക പരിഗണന പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അവരിങ്ങോട്ട് വരേണ്ടെന്ന സമീപനം ഉണ്ടാകില്ല.

വിദേശത്ത് നിന്ന് മടങ്ങിവരുന്നവരുടെ മക്കൾക്ക് കേരളത്തിലെ വിദ്യാലയങ്ങളിൽ തുടർന്ന് പഠിക്കാം. അതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നു. അന്തർജില്ലാ ജല ഗതാഗതം അന്തർ ജില്ലാ ബസ് ഗതാഗതം ആരംഭിക്കുമ്പോൾ പരിശോധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് തിരികെ പോകാൻ യാത്രാ സൗകര്യം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹോട്ട്സ്പോട്ടിൽ നിന്ന് വരുന്നവർക്കായി പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.