ന്യൂയോർക്ക്: ഗ്ലോബൽ ഐറ്റി കേരള ക്രിക്കറ്റ് ലീഗ് എന്ന പേരിൽ നോർത്ത് അമേരിക്കയിലെ മലയാളി ക്രിക്കറ്റ് കളിക്കാർക്കായി ആരംഭിച്ച ലീഗ് ക്രിക്കറ്റിന്റെ ഉദ്ഘാടനം കർമ്മോതസുകരായ ഒരു പറ്റം ചെറുപ്പക്കാരുടെ പ്രവർത്തനം കൊണ്ട് വൻ വിജയമായി. നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയപ്പോൾ, മനസ്സിന്റെ ഉള്ളിൽ സൂക്ഷിച്ചുവച്ചിരുന്ന ക്രിക്കറ്റിനോടുള്ള സ്നേഹം, ഒരുകൂട്ടം ചെറുപ്പക്കാരുമായി പങ്കുവെച്ചപ്പോൾ ഉരിത്തിരിഞ്ഞ ആശയത്തിൽ നിന്നും ഉത്ഭവിച്ച ക്രിക്കറ്റ് ലീഗിൽ, ട്രൈ സ്റ്റേറ്റ് റീജിയണിൽ നിന്നും 7 ടീമുകൾ മാറ്റുരയ്ക്കും.
2015 ഏപ്രിൽ 18-ആം തീയതി ശനിയാഴ്ച ന്യൂയോർക്കിലെ ക്യൂൻസിലെ കണ്ണിങ്ഹാം പാർക്കിൽ വച്ചു നടന്ന ഉദ്ഘാടനത്തില്‍ ന്യൂയോർക്ക് പോലീസ് ഡിപാർട്ട്മെന്റ് ക്യാപ്റ്റൻ ലിജോ തോട്ടം, നടൻ ജോസ്കുട്ടി വലിയകല്ലുങ്കൽ, കോമ്മണ്‍ വെൽത്ത് ക്രിക്കറ്റ് ലീഗ് പ്രസിഡന്റ് ലെസ്ലി ലോവ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
വിശിഷ്ടാതിഥികൾ ഭദ്രദീപം തെളിയിച്ചതിനുശേഷം കെസിഎൽ ലോഗോ പ്രകാശനം ചെയ്തു. അതിനു ശേഷം 7 ടീമുകളുടെ ക്യാപ്റ്റൻമാരെ പരിചയപ്പെടുത്തി; അതോടൊപ്പം അവർ ബലൂണുകൾ ആകാശത്തെക്കു പറത്തിവിട്ടു. തുടർന്ന് നൂറുകണക്കിന് കാണികളെ സാക്ഷി നിർത്തി, എല്ലാ ടീമുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കളിക്കാർ, സ്വരൂപ് ബോബന്റെയും (കെസിഎൽ ബ്ലൂ) സാബിണ്‍ ജേക്കബിന്റെയും (കെസിഎൽ റെഡ്) നേതൃത്വത്തിൽ രണ്ടു ടീമുകളായി തിരിഞ്ഞു മത്സരിച്ചു. സ്വരൂപ് ബോബന്റെ കെസിഎൽ ബ്ലൂ ടീം 25 ഓവറിൽ 265 റണ്‍സുമായി വിജയം കണ്ടു.
ഫ്ലേമിംഗ് റ്റൈഗേഴ്സ്, ലോങ്ങ് ഐലണ്ട് റ്റസ്ക്കേഴ്സ്, മില്ലേനിയം ക്രിക്കറ്റ് ക്ലബ്, ന്യൂയോർക്ക് കിങ്സ്, എൻവൈഎംഎസസി പാക്കേഴ്സ്, വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഷ്സ് എന്നിവയാണു കെസിഎൽ ലീഗ് മത്സരത്തിൽ പങ്കെടുക്കുന്ന മറ്റു ടീമുകൾ.
മത്സരങ്ങൾ സ്പോണ്‍സർ ചെയ്തിരിക്കുന്നത്, ഗ്ലോബൽ ഐറ്റി അസ്സോസിയേറ്റ്സ്, ഷെരാട്ടണ്‍ ഹോട്ടൽ ലഗ്വാർഡിയ, ഗ്രാൻഡ് ഇന്ത്യൻ റസ്റ്റോറന്റ്, മഴവിൽ എഫ് എം എന്നിവരാണ്.