കേരളത്തില്‍ മദ്യമില്ലെങ്കില്‍ എന്ത്, മയക്കുമരുന്നുണ്ടല്ലോ; യുവാക്കള്‍ ഹാപ്പി

തിരുവനന്തപുരം: കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനത്തിനായി യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ യുവാക്കള്‍ ലഹരിക്കായി മറ്റു വഴികള്‍ തേടുന്നു. ബാറുകള്‍ പൂട്ടിയതോടെ മദ്യലഭ്യത കുറഞ്ഞതിനാല്‍ ഇപ്പോള്‍ യുവാക്കള്‍ മയക്കുമരുന്നിനെ ആണ് ആശ്രയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച മദ്യത്തിനു പകരം യുവാക്കൾ ലഹരിമരുന്ന് ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പ് നടത്തിയ ‘ഓപ്പറേഷൻ മൂൺഷൈൻ’ പരിശോധനയിൽ സംസ്ഥാനത്ത് അഞ്ചു ദിവസത്തിനുള്ളിൽ പിടിയിലായത് 232 പേർ. തിരുവനന്തപുരം ജില്ലയിൽ ഒറ്റ ദിവസം 30 സ്കൂൾ കുട്ടികളെ ലഹരിമരുന്ന് ഉപയോഗിച്ചതിനു പിടികൂടിയതും ഇതേ ആഴ്ച. സ്കൂൾ വിട്ടിറങ്ങി കറങ്ങിനടന്ന ഇവരിൽ പലരും കടുത്ത ലഹരിയിലായിരുന്നു. സംസ്ഥാനത്തെ പത്തു ലഹരി മോചന കേന്ദ്രങ്ങളിൽ ഈ വർഷം 2456 പേർ ചികിൽസ തേടി. ഇതിൽ 126 പേർ പതിനാറിനും 25നും മധ്യേ പ്രായമുള്ളവർ. 92 സ്ത്രീകൾ ഈ കൂട്ടത്തിലുണ്ട്. ലഹരിക്കടിപ്പെടുന്നവരിൽ ഒരു ശതമാനം മാത്രമാണു ചികിൽസയ്ക്കു തയാറാകുന്നതെന്നാണു ഡോക്ടർമാരുടെ അഭിപ്രായം. ഇതു കണക്കിലെടുത്താൽ രണ്ടര ലക്ഷത്തോളം മലയാളികൾ ഇന്നു ലഹരിമരുന്നിന്റെ പിടിയിലാണ്.