കോട്ടയം: ഇനിമുതല്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്കൂള്‍ ബാഗിന്റെ കനം കുറയ്ക്കാം. വിദ്യാഭ്യാസ സമ്പ്രദായത്തെ അടിമുടി നവീകരിച്ചുകൊണ്ട് അടുത്ത അക്കാദമിക്‌ വര്‍ഷം മുതല്‍ സംസ്‌ഥാനത്തു ഡിജിറ്റല്‍ പാഠപുസ്‌തകങ്ങള്‍ നിലവില്‍ വരുകയാണ്‌. പുതിയ പാഠപുസ്‌തകങ്ങള്‍ ഇറങ്ങുന്നതിനൊപ്പം ഇതും നിലവില്‍ വരും. സാധാരണ പാഠപുസ്‌തകങ്ങളുടെ പേജുകള്‍ സ്‌കാന്‍ ചെയ്‌ത്‌ അപ്‌ലോഡ്‌ ചെയ്യുന്നതാണു ഡിജിറ്റല്‍ പാഠപുസ്‌തകങ്ങള്‍. ഐടി അറ്റ്‌ സ്‌കൂളിന്റെ പ്രത്യേക പോര്‍ട്ടലില്‍ ഇതു വിദ്യാര്‍ഥികള്‍ക്കു വായിക്കാന്‍ സാധിക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പക്ഷേ, ഈ പാഠപുസ്‌തകത്തിന്‌ ഒരു പ്രത്യേകതയുണ്ട്‌. വിദ്യാര്‍ഥിക്കു പ്രയാസമുള്ള ഭാഗങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തിയിരിക്കും. ആ ഭാഗത്തിനുള്ള വിശദീകരണം ലോകത്ത്‌ എവിടെയുള്ളവര്‍ക്കും അപ്‌ലോഡ്‌ ചെയ്യാം. വിഡിയോയും ഓഡിയോയും നല്‍കാന്‍ അവസരമുണ്ടാകും. ഇങ്ങനെ നല്‍കുന്ന വിവരങ്ങള്‍ മറ്റൊരു സര്‍വറിലേക്കാണു പോകുന്നത്‌. അക്കാദമിക്‌ വിദഗ്‌ധര്‍ അതു പരിശോധിച്ചു നല്ലതാണെന്നു ബോധ്യമായാല്‍ പാഠപുസ്‌തകത്തിന്റെ ഭാഗമായി മാറും. ആരെങ്കിലും തെറ്റായ കാര്യങ്ങള്‍ അപ്‌ലോഡ്‌ ചെയ്‌താല്‍ പാഠപുസ്‌തകത്തില്‍ ഉള്‍പ്പെടുത്തില്ല.

Loading...

മറവിരോഗത്തെക്കുറിച്ചു പത്താം ക്ലാസുകാര്‍ക്കുള്ള പാഠഭാഗം സംബന്ധിച്ച വിഡിയോ ക്ലിപ്പിങ്‌ നടന്‍ മോഹന്‍ലാല്‍ ഐടി അറ്റ്‌ സ്‌കൂളിന്‌ അയച്ചുതന്നിട്ടുണ്ട്‌. ഇതു ഡിജിറ്റല്‍ പാഠപുസ്‌തകത്തിന്റെ ഭാഗമാക്കും. കേരളത്തിലും പുറത്തും ഒട്ടേറെ പ്രഗല്‍ഭരുണ്ടെങ്കിലും അവരുടെ സംഭാവനകളൊന്നും ഇതേവരെ പാഠപുസ്‌തകത്തിന്റെ ഭാഗമാക്കിയിരുന്നില്ല. പകരം ഏതാനും അധ്യാപകരാണു പുസ്‌തകം തയാറാക്കിയിരുന്നത്‌.

ഡിജിറ്റല്‍ പാഠപുസ്‌തകത്തില്‍ ബഹിരാകാശത്തെക്കുറിച്ചു പറയുന്ന ഭാഗത്ത്‌ ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്‌ഞനും ഹൃദയത്തെക്കുറിച്ചു പറയുന്ന പാഠത്തില്‍ പ്രശസ്‌ത ഹൃദ്രോഗവിദഗ്‌ധനും വൈദ്യുതിയെക്കുറിച്ചു പറയുന്ന ഭാഗത്തു വൈദ്യുതി ബോര്‍ഡിലെ സീനിയര്‍ എന്‍ജിനീയര്‍മാര്‍ക്കും തങ്ങളുടേതായ വിശദീകരണമോ വിഡിയോയോ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഇങ്ങനെ ഉള്‍പ്പെടുത്തുന്നവയെ റേറ്റ്‌ ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക്‌ അവസരമുണ്ട്‌. മികച്ചവ ആദ്യം കാണാന്‍ സാധിക്കും.

ഒരേ പാഠപുസ്‌തകംതന്നെ സംസ്‌ഥാനത്തെ ആയിരക്കണക്കിനു സ്‌കൂളുകളില്‍ ആയിരക്കണക്കിന്‌ അധ്യാപകര്‍ വ്യത്യസ്‌ത രീതിയിലാണു പഠിപ്പിക്കുന്നത്‌. എല്ലാ അധ്യാപകരുടെയും മികവ്‌ വിദ്യാര്‍ഥികള്‍ക്കു മനസ്സിലാക്കാനാവില്ല. എന്നാല്‍, ഡിജിറ്റല്‍ പാഠപുസ്‌തകങ്ങളിലൂടെ ഒട്ടേറെ പ്രഗല്‍ഭരുടെ വിജ്‌ഞാനവും അനുഭവസമ്പത്തും വിദ്യാര്‍ഥികള്‍ക്കു മനസ്സിലാക്കാന്‍ സാധിക്കുമെന്നതാണ്‌ ഇതിന്റെ പ്രത്യേകത.

വിദ്യാഭ്യാസമന്ത്രി പി.കെ. അബ്‌ദുറബ്ബിന്റെ അധ്യക്ഷതയില്‍ കൂടിയ സംസ്‌ഥാന സ്‌കൂള്‍ കരിക്കുലം കമ്മിറ്റി ഡിജിറ്റല്‍ പാഠപുസ്‌തകങ്ങള്‍ക്ക്‌ അനുമതി നല്‍കിക്കഴിഞ്ഞു. 8, 9, 10 ക്ലാസുകളിലെ പാഠപുസ്‌തകങ്ങളാണ്‌ ആദ്യം ഡിജിറ്റലാക്കുക. ഇന്ത്യയില്‍ ആദ്യമായാണ്‌ ഇത്തരമൊരു സംരംഭം.