14 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 14 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജില്ലാ കളക്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

7 മുതൽ 20 സെന്റിമീറ്റർ വരെ മഴ പെയ്യാനാണു സാധ്യത. 15ന് ശക്തമായ മഴയുണ്ടാകും. തുടര്‍ച്ചയായ മഴയിൽ നദികളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. മലയോര മേഖലയിലെ താലൂക്ക് കൺട്രോൾ റൂമുകള്‍ 15 വരെ 24 മണിക്കുറും പ്രവര്‍ത്തിപ്പിക്കണം.

Loading...

കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ.വേഗതയിലും ചിലപ്പോള്‍ മണിക്കൂറില്‍ 60 കി. മീ. വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തു മത്സ്യബന്ധത്തിന് പോകരുതെന്നും കര്‍ണ്ണാടക, ലക്ഷദീപ് കേരളതീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മുന്‍കരുതലായി താഴെപ്പറയുന്ന നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

  • മലയോര മേഖലയിലെ താലൂക്ക് കണ്ട്രോള്‍ റൂമുകള്‍ 24 മണിക്കുറും 15-ാം തീയതി വരെ പ്രവര്‍ത്തിപ്പിക്കണം.
  • മഴ ശക്തമായിട്ടുള്ളതും വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാര്‍/തഹസില്‍ദാര്‍മാര്‍ കയ്യില്‍ കരുതണം.
  • അവശ്യഘട്ടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ മറ്റ് നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പുവരുത്തണം.
  • ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ) മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുക
  • ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ നടപടി സ്വീകരിക്കുക.
  • പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുന്നതിന് പ്രചാരണം നടത്തുക.
  • മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്തുന്നത് അനുവദിക്കാതിരിക്കുവാന്‍ പോലീസിന് നിര്‍ദേശം നല്‍കുക.
  • മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുക.
  • കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴുവാക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം
  • ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പര്‍ (1077) പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തുക.