വിഷം വിതയ്ക്കുന്ന മലയാളി ,കഴിഞ്ഞ വർഷം മലയാളി സ്വന്തം മണ്ണിൽ നിക്ഷേപിച്ചത് 888 ടൺ വിഷം

കോട്ടയം: പച്ചക്കറികൾക്കായി ഇതര സംസ്ഥാനത്തെ ആശ്രയിക്കുമ്പോഴും അവിടെ നിന്ന് വരുന്ന പച്ചക്കറികളിലെ വിഷത്തെക്കുറിച്ച് മലയാളികൾ വ്യാകുലപ്പെടാറുണ്ട്. ഇതൊക്കെ പറയുമ്പോഴും പോയ വർഷം മലയാളി സ്വന്തം മണ്ണിൽ തളിച്ചത് 888 ടൺ വിഷം. കൃത്യമായി കണക്കാക്കിയാൽ 8,88,760 കിലോഗ്രാം. രാസ കീടനാശിനിയും കളനാശിനിയുമുൾപ്പെടെ കേരളത്തിലെ കൃഷിയിടങ്ങളിൽ ഉപയോഗിച്ച വിഷത്തിന്റെ കണക്കാണിത്. രാസ വളങ്ങൾ ഈ കണക്കിൽ വന്നിട്ടില്ല. കിലോഗ്രാമിന് 200 രൂപ മുതൽ 20,000 രൂപയിലേറെ വരെ വിലയുള്ള കീടനാശിനികൾ കേരളത്തിലെ വിപണിയിൽ സുലഭം.  കൃഷി വകുപ്പിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവലോകനത്തിലാണ് സംസ്ഥാനത്തെ കീടനാശിനി, കളനാശിനി പ്രയോഗത്തിന്റെ ഭീകരമായ കണക്കു വെളിപ്പെടുത്തുന്നത്. കളനാശിനി ഉപയോഗം മുൻ വർഷത്തേതിനെക്കാൾ 71 ശതമാനം വർധിച്ച് 318.47 ടണ്ണിലെത്തി. രാസകീടനാശിനി ഉപയോഗം 570.29 ടണ്ണുമായി. വാഴക്കൃഷിയിലാണ് രാസ കീടനാശിനി പ്രയോഗം കൂടുതൽ. തെങ്ങും പച്ചക്കറിയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.

അർബുദവും ജനിതകവൈകല്യവുമുൾപ്പെടെ മാരക രോഗങ്ങൾക്കിടയാക്കുമെന്നു പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ള കളനാശിനികളാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നവയിലേറെയും. കൂടാതെ 1264 ടൺ ജൈവ കീടനാശിനിയും ഉപയോഗിച്ചിട്ടുണ്ട് നമ്മുടെ കൃഷിയിടങ്ങളിൽ. ജൈവ കീടനാശിനിയോട് കർഷകർക്കു പ്രിയമേറി എന്നത് ആശ്വാസമാണ്. എന്നാൽ, വിപണിയിൽ ലഭിക്കുന്ന ജൈവ കീടനാശിനികളെല്ലാം സുരക്ഷിതമാണോയെന്നു വ്യക്തമായി പരിശോധിക്കപ്പെട്ടിട്ടില്ല. ജൈവം എന്ന ലേബലിൽ രാസപദാർഥങ്ങൾ ചേർത്ത കീടനാശിനിയും കടന്നുകൂടുന്നതായി കാർഷിക വിദഗ്ധർ തന്നെ ആശങ്ക പങ്കുവെയ്ക്കുന്നു.

Loading...

നെല്ല്- 71.33 ടൺ, വാഴ-156.64 ടൺ, തെങ്ങ്-142.75 ടൺ, പച്ചക്കറി-112.94 ടൺ, സുഗന്ധ വ്യഞ്ജനം- 66.12 ടൺ കമുക്- 20.05 ടൺ. കഴിഞ്ഞ വർഷം ഓരോ വിളയിലും ഉപയോഗിച്ച രാസകീടനാശിനിയുടെ കണക്കാണിത്. വീട്ടുമുറ്റത്തെ ടൈലിന്റെ ഇടയിൽ വളരുന്ന പുല്ല് നശിപ്പിക്കാൻ പോലും കളനാശിനി ഉപയോഗിക്കുന്ന പ്രവണതയാണ് കേരളത്തിലെന്ന് കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു. വീട്ടുമുറ്റത്തെ കിണറ്റിലേക്കു വരെ ഈ വിഷമെത്തും. വിപത്തു തിരിച്ചറിഞ്ഞ് ജനങ്ങൾ സ്വയം മാറേണ്ടിയിരിക്കുന്നു. കളനാശിനിയുടെയും കീടനാശിനിയുടെയും വിപണനത്തിനു കർശന നിയന്ത്രണമേർപ്പെടുത്തും. ഏറ്റവും മാരകമായ ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയുടെ വില്പനയും ഉപയോഗവും നിയന്ത്രിക്കുമെന്നും മന്ത്രി വ്യക്തമാക്കി.