കൊച്ചി: അപ്രതീക്ഷിതമായി മലയാള മനോരമ പത്രം പരസ്യങ്ങളുടെ നിരക്കുയര്‍ത്തിയതിനാല്‍ മലയാള മനോരമയ്ക്ക് ഇനി മലയാള സിനിമകളുടെ പരസ്യം നല്‍കേണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം. മലയാള സിനിമയുടെ നിര്‍മ്മാണ വിതരണ രംഗത്തെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്താന്‍ നിര്‍മ്മാതാക്കളുടെ സംഘടനയെ പ്രേരിപ്പിച്ചത്. ഇതോടൊപ്പംതന്നെ സിനിമകളുടെ ഫ്‌ളെക്‌സിനും മറ്റും ചെലവഴിക്കുന്ന വലിയ തുകയില്‍ കുറവ് വരുത്താനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.
ഏപ്രില്‍ ഒന്ന് മുതലാണ് മലയാള മനോരമ പരസ്യ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്. 10 മുതല്‍ 15 ശതമാനം വരെ വര്‍ദ്ധനവാണ് പരസ്യനിരക്കുകളില്‍ മനോരമ വരുത്തിയിരിക്കുന്നത്. ക്ലാസിഫൈഡ് പരസ്യങ്ങള്‍ക്ക് വാക്ക് ഒന്നിന് 72 രൂപയായിരുന്നത് പത്ത് രൂപ വര്‍ദ്ധിപ്പിച്ച് 82 രൂപയാക്കി. ഡിസ്‌പ്ലെ ആഡുകള്‍ക്ക് 13 ശതമാനം വര്‍ദ്ധനവാണ് വരുത്തിയത്. ഡിസ്‌പ്ലെ ആഡുകള്‍ക്ക് കോട്ടയം എഡീഷനിലെ ഒരു സ്‌ക്വയര്‍ സെന്റീ മീറ്ററിന് 290 രൂപയായിരുന്നത് 330 രൂപയാക്കി ഉയര്‍ത്തി. പമോഷനായി പരസ്യം നല്‍കുന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇതു വലിയ ബാധ്യതയാണ് വരുത്തി വെച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു കാലമായി മലയാള സിനിമാ നിര്‍മ്മാതാക്കള്‍ക്ക് ലാഭമുണ്ടാക്കി കൊടുത്ത സിനിമകളുടെ എണ്ണം കുറവായിരുന്നു. താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലവും വിതരണത്തിനും നിര്‍മ്മാണത്തിനും വേണ്ടി വരുന്ന ചെലവുകളുമാണ് മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ ഉള്‍പ്പെടെയുള്ള മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാക്കള്‍ താരങ്ങളുടെ ഉയര്‍ന്ന പ്രതിഫല തുകയ്‌ക്കെതിരെ രംഗത്ത് എത്തിയിരുന്നു. നീന എന്ന ലാല്‍ ജോസ് ചിത്രം റിലീസായതിന് പിന്നാലെ പ്രമുഖ നടി വലിയ തുക പ്രതിഫലമായി ആവശ്യപ്പെട്ടതിനാലാണ് പുതുമുഖങ്ങളെ തേടി പോകേണ്ടി വന്നതെന്ന് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് ചെലവ് ചുരുക്കല്‍ നടപടികളുമായി നിര്‍മ്മാതാക്കളുടെ സംഘടന രംഗത്ത് എത്തിയിരിക്കുന്നത്.