സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് ; ഇന്ന് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പ്രദർശനയാത്ര

കൊച്ചി : ഏറെ പ്രതീക്ഷയോടെ സംസ്ഥാനം കാത്തിരുന്ന ആ വാർത്ത എത്തി. കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ഇന്ന് എത്തും. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പ്രദർശനയാത്ര നടത്തും. ചെന്നൈയിൽ നിന്ന് വന്ദേഭാരത് തീവണ്ടി വെള്ളിയാഴ്ച രാവിലെ 7.35-ന് തിരുവനന്തപുരത്ത് എത്തും. പ്രദർശനയാത്ര
തിരുവനന്തപുരത്തുനിന്ന് രാവിലെ 9.45-ന്‌ പുറപ്പെട്ട് വൈകീട്ട് 3.30-ന് കോഴിക്കോട്ട്‌ എത്തും. ചെന്നൈയിൽനിന്ന് വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്ക് പ്രത്യേക തീവണ്ടിയിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്‌ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

ആർ.എൻ. സിങ്‌ ഉൾപ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ യാത്ര ചെയ്ത് പരിശോധനകൾ നടത്തും. കൊല്ലം, വർക്കല, ചെങ്ങന്നൂർ, എറണാകുളം സൗത്ത്, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ വന്ദേഭാരത് യാത്രയ്ക്കിടയിൽ അല്പനേരം നിർത്തിയിടുമെന്നും സൂചനയുണ്ട്. മലയാളികൾ ഏറെ നാളായി കാത്തിരുന്ന വാർത്ത കഴിഞ്ഞ ദിവസം രാത്രിയോടെ എത്തിയിരുന്നു.

Loading...

പ്രധാനമന്ത്രി 25-ന്‌ തിരുവനന്തപുരത്ത്‌ വന്ദേഭാരത് ഫ്ളാഗ്‌ഓഫ്‌ ചെയ്തേക്കും. പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഉണ്ടാവുമെന്നാണ് സൂചന.മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ കഴിയുന്നതാണ് വന്ദേഭാരത് എങ്കിലും നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തിൽ ഓടാനാവില്ല. ഇതിനായുള്ള അറ്റകുറ്റപ്പണികൾ നടത്തിവരികയാണ്.